എന്നോട് പറഞ്ഞ കഥ ലോകേഷ് പിന്നീട് ആ നടനെ വെച്ച് ചെയ്തു, ആ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായി: രജിനികാന്ത്
Indian Cinema
എന്നോട് പറഞ്ഞ കഥ ലോകേഷ് പിന്നീട് ആ നടനെ വെച്ച് ചെയ്തു, ആ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായി: രജിനികാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th August 2025, 2:32 pm

സിനിമാലോകം മുഴുവന്‍ ഓഗസ്റ്റ് 14 എന്ന ഡേറ്റിലേക്ക് കാത്തിരിക്കുകയാണ്. തമിഴിലെ ഏറ്റവും ഹൈപ്പുള്ള പ്രൊജക്ടായ കൂലി തിയേറ്ററുകളിലെത്തുമ്പോള്‍ ആരാധകരുടെ ആവേശം വാനോളമാണ്. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിനികാന്താണ് നായകന്‍.

ജയിലറിന് ശേഷം രജിനി ഭാഗമായ രണ്ട് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വലിയ രീതിയില്‍ ശോഭിച്ചിരുന്നില്ല. ക്രിക്കറ്റ് പ്രധാനവിഷയമായെത്തിയ ലാല്‍ സലാം രജിനിയുടെ അതിഥിവേഷത്തിന്റെ ബലമുണ്ടായിട്ടുകൂടി പരാജയപ്പെട്ടു. പിന്നാലെയെത്തിയ വേട്ടൈയനും ബജറ്റിന്റെ ആധിക്യം മൂലം സാമ്പത്തികവിജയം നേടാതെ കളംവിട്ടു.

കൂലിയിലൂടെ താരം ബോക്‌സ് ഓഫീസില്‍ പഴയ ട്രാക്കിലേക്ക് കയറുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ രജിനികാന്ത് നടത്തിയ പ്രസംഗം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്വതസിദ്ധമായ ശൈലിയില്‍ നര്‍മത്തോടെയാണ് താരം തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയത്. ലോകേഷിനെക്കുറിച്ച് വാതോരാതെ രജിനി സംസാരിച്ചു.

കൈതിക്ക് ശേഷം തന്നോട് കഥ പറയാന്‍ ലോകേഷ് വന്നിരുന്നെന്ന് രജിനി പറഞ്ഞു. അനിരുദ്ധാണ് തനിക്ക് ലോകേഷിനെ പരിചയപ്പെടുത്തി തന്നതെന്നും അയാളുടെ കഥ കേള്‍ക്കാന്‍ താന്‍ ഇരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. വളരെ നല്ല കഥയായിരുന്നു അതെന്നും തനിക്ക് അത് ഇഷ്ടമായെന്നും രജിനികാന്ത് പറയുന്നു.

‘പക്ഷേ, ആ കഥ ഫസ്റ്റ് ഹാഫ് മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. കഥ മുഴുവനാക്കിയിട്ട് വന്നാല്‍ നമുക്ക് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. ആ കഥ ലോകേഷ് പൂര്‍ത്തിയാക്കി. പക്ഷേ, അത് എന്നെ വെച്ച് ചെയ്തില്ല. ആ സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയ ശേഷം അയാള്‍ കമല്‍ ഹാസനോട് കഥ പറഞ്ഞു. ആ സിനിമ കമലിനെ വെച്ച് ചെയ്തു. അതാണ് വിക്രം. അന്ന് കഥ പറഞ്ഞ് പോയതിന് ശേഷം പിന്നീട് കൂലിയുടെ സമയത്താണ് ഞാന്‍ ലോകേഷിനെ കാണുന്നത്,’ രജിനികാന്ത് പറയുന്നു.

റിലീസിന് മുമ്പ് പുറത്തുവന്ന ഓരോ അപ്‌ഡേറ്റും പ്രതീക്ഷ ഉയര്‍ത്തുന്നവയായിരുന്നു. ടൈറ്റില്‍ ടീസര്‍ മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ട്രെയ്‌ലര്‍ വരെ അതിന്റെ ക്വാളിറ്റി കാത്തുസൂക്ഷിച്ചു. അനിരുദ്ധ് ഈണമിട്ട പാട്ടുകളെല്ലാം ചാര്‍ട്ബസ്റ്ററായി മാറി. നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, ആമിര്‍ ഖാന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കുമെന്ന് ഉറപ്പാണ്.

Content Highlight: Rajnikanth saying Lokesh narrated the script of Vikram first to him