Indian Cinema
മോഹന്‍ലാലിന്റെ മേക്ക് ബിലീഫ് പോലെ, രജിനിയുടെ സ്ഥിരം ഡയലോഗ് ഏറ്റെടുത്ത് ട്രോളന്മാര്‍
ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും രജിനികാന്തും. അതത് ഇന്‍ഡസ്ട്രികളില്‍ പതിറ്റാണ്ടുകളായി ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഇരുവരും നടനായും താരമായും ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. സ്വന്തം ഇന്‍ഡസ്ട്രികളിലെ കളക്ഷന്‍ റെക്കോഡുകള്‍ തങ്ങളുടെ പേരിലാണ് ഇപ്പോഴുമുള്ളത്.
ഇരുവരുടെയും ചില വാക്കുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഏത് സാഹചര്യത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന വാക്കായി സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ അതിനെ മാറ്റുകയും ചെയ്യുന്നത് കാണാനാകും. അത്തരത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാചകം ട്രോളന്മാര്‍ പലപ്പോഴായി തങ്ങളുടെ കണ്ടന്റാക്കിയിരുന്നു.

മലൈക്കോട്ടൈ വാലിബന്റെ പ്രൊമോഷന്റെ സമയത്ത് മോഹന്‍ലാല്‍ ഉപയോഗിച്ച ‘മേക്ക് ബിലീഫ് അല്ലേ മോനെ?’ എന്ന ഡയലോഗായിരുന്നു ട്രോളന്മാരുടെ ഇര. പലയിടത്തും അത് ഉപയോഗിച്ച് വലിയ ശ്രദ്ധ നേടിയിരുന്നു. ഏറ്റവുമൊടുവില്‍ മോഹന്‍ലാല്‍ നായകനായ തുടരും എന്ന ചിത്രത്തില്‍ ‘മേക്ക് ബിലീഫ്’ ഡയലോഗ് ഉപയോഗിച്ചത് ചര്‍ച്ചയായിരുന്നു.
അത്തരത്തില്‍ രജിനികാന്ത് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്ന ഡയലോഗ് ട്രോളന്മാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഏറ്റവുമൊടുവില്‍ പറയാറുള്ള ‘വാഴ്ത്തുക്കള്‍.. വാഴ്ത്തുക്കള്‍’ (ആശംസകള്‍… ആശംസകള്‍) എന്ന ഡയലോഗാണ് ട്രോളന്മാരുടെ പുതിയ ആയുധം. പല വീഡിയോയിലും രസകരമായ രീതിയില്‍ രജിനിയുടെ ഈ ഡയലോഗ് ട്രോളന്മാര്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്.

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് ശേഷം രജിനികാന്ത് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴായിരുന്നു ഈ ഡയലോഗ് ആദ്യമായി ഉപയോഗിച്ചത്. വിജയ്‌യുടെ പാര്‍ട്ടി സമ്മേളനം വിജയമായതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ‘വാഴ്ത്തുക്കള്‍.. വാഴ്ത്തുക്കള്‍’ എന്നായിരുന്നു രജിനിയുടെ മറുപടി.
ഇന്ന് എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും അദ്ദേഹം ഇത് ആവര്‍ത്തിച്ചു. തമിഴ്‌നാടിന്റെ സ്വന്തം പെരിയോര്‍ രാമസ്വാമിയുടെ ജന്മവാര്‍ഷികവും നരേന്ദ്ര മോദിയുടെ പിറന്നാളും ഇന്നാണെന്ന് മാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ ‘വാഴ്ത്തുക്കള്‍.. വാഴ്ത്തുക്കള്‍’ എന്ന് പറഞ്ഞ് രജിനി നടന്നുനീങ്ങുകയായിരുന്നു. ഇതോടെ രജിനിയുടെ സ്ഥിരം ഡയലോഗായി ഇതിനെ ട്രോളന്മാര്‍ കണക്കാക്കി.
Content Highlight: Rajnikanth’s Vazhtthukkal dialogue celebrating in troll pages like Mohanlal’s Make Belief dialogue