ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
രാജീവ് ഗാന്ധി വധം; പ്രതികളായ ഏഴുപേരേയും വിട്ടയയ്ക്കാന്‍ പറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 12:23pm

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റക്കാരായി തമിഴ്‌നാട് ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എഴു പ്രതികളെയും വെറുതെ വിടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികളെ വിട്ടയ്ക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുന്നുണ്ട്.

രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലായ ഏഴു പേരും ഇപ്പോള്‍ തമിഴ്‌നാട് ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്.

അതേസമയം പ്രതികളെ പുറത്തിറക്കാനുള്ള തമിഴ്‌നാടിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. 2015 ല്‍ ചേര്‍ന്ന ഭരണഘടന ബെഞ്ചിന്റെ ഉത്തരവ് പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ സമ്മതമില്ലാതെ പ്രതികളെ വിട്ടയയ്ക്കാന്‍ പാടില്ലെന്ന് ഉത്തരവ് നിലനില്‍ക്കുകയാണ്.

1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് നടന്ന മനുഷ്യബോംബാക്രമണത്തിലാണ് അന്നത്തെ പ്രധാനമന്ത്രി കൂടിയായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയും കേസന്വേഷണം സി.ബി.ഐ യ്ക്ക് കൈമാറുകയും ചെയ്തിരുന്നു.


ALSO READ: യെമനില്‍ സ്‌കൂള്‍ ബസിന് നേരെ സൗദി വ്യോമാക്രമണം; കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു


രാജീവ് വധത്തിലെ പ്രധാന പ്രതികളായ മുരുഗന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, പേരറിവാളന്‍, രവിചന്ദ്രന്‍ എന്നിവര്‍ നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

കേസിലെ പ്രതിയായ നളിനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ഏപ്രിലില്‍ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ കേസിലെ പ്രതികളിലൊരാളായ പേരറിവാളനും കോടതി ജാമ്യം നിഷേധിച്ചിരുന്നു.

രാജീവ് ഗാന്ധിയെ വധത്തിനു പിന്നിലുള്ള സംഘത്തിന് ബോംബ് നിര്‍മ്മാണത്തിനാവശ്യമായ ബാറ്ററികള്‍ എത്തിച്ചുകൊടുത്തുവെന്നതാണ് പേരറളിവാളന്‍ കേസിലുള്‍പ്പെടാനുള്ള പ്രധാന കാരണം. എന്നാല്‍ തനിക്ക് സംഘത്തിന്റെ ലക്ഷ്യം പ്രധാനമന്ത്രിയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളന്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

തുടര്‍ന്ന് നടന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് പേരറിവാളനെ വധശിക്ഷയില്‍ നിന്ന് ഇളവ് നല്‍കി ജീവപര്യന്തമാക്കി മാറ്റിയത്. 2014 ല്‍ ചേര്‍ന്ന സുപ്രീം കോടതി ബെഞ്ചാണ് ശിക്ഷയില്‍ ഇളവ് വരുത്തിയത്.


ALSO READ: സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണ്; റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍


അതേസമയം പേരറിവാളനെ കുറ്റവിമുക്തനാക്കുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുകളും ഇല്ലെന്ന് രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി മുമ്പ് പറഞ്ഞിരുന്നു.

Advertisement