ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് രജിഷ വിജയന്‍. ആദ്യ സിനിമയായ അനുരാഗ കരിക്കിന്‍ വെള്ളത്തിലെ പ്രകടനത്തിലൂടെത്തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം രജിഷയെ തേടിയെത്തി. തുടര്‍ന്ന് മലയാളത്തിലും തമിഴിലും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ രജിഷ വിജയന് കഴിഞ്ഞു.
സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് രജിഷ വിജയന്‍. കഥ കേട്ട് സിനിമ ചെയ്യാമെന്ന തീരുമാനം ചൂതാട്ടം പോലെയാണെന്നും സിനിമയുടെ ജനപ്രീതി പ്രവചിക്കാന്‍ കഴിയില്ലെന്നും രജിഷ വിജയന്‍ പറയുന്നു. തിരക്കഥ, സംഭാഷണം, പശ്ചാത്തല സംഗീതം, സഹതാരങ്ങള്‍, റിലീസ് സമയത്തെ കാലാവസ്ഥ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നന്നായിവരുമ്പോള്‍ മാത്രമേ സിനിമയും കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയുള്ളുവെന്നും രജിഷ പറഞ്ഞു.
തെരഞ്ഞെടുത്ത സിനിമകളെക്കാള്‍ കൂടുതല്‍ ഉപേക്ഷിക്കേണ്ടി വന്ന സിനിമകളാണെന്നും കേള്‍ക്കുന്ന എല്ലാ കഥകളിലും അഭിനയിച്ചാല്‍ അത് ചെയ്ത് തീര്‍ക്കാന്‍ ഒരു വര്‍ഷം മതിയാകില്ലെന്നും രജിഷ കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രജിഷ വിജയന്‍.
‘കഥ കേട്ട് സിനിമ ചെയ്യാമെന്ന തീരുമാനം ചൂതാട്ടം പോലെയാണ്. ഒത്താല്‍ ഒത്തു. സിനിമയുടെ ജനപ്രീതി പ്രവചിക്കാന്‍ കഴിയില്ല. കഥ നന്നായാല്‍ മാത്രം സിനിമ നന്നാകണമെന്നില്ല. തിരക്കഥ, സംഭാഷണം, പശ്ചാത്തല സംഗീതം, സഹതാരങ്ങള്‍, റിലീസ് സമയത്തെ കാലാവസ്ഥ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നന്നായിവരുമ്പോള്‍ മാത്രമേ സിനിമയും കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടൂ.
സിനിമയുടെ ഇത്തരം കാര്യങ്ങളിലേക്ക് ഒരുപാട് ചിന്തിച്ചാല്‍ പണിയെടുക്കാതെ വീട്ടിലിരിക്കാന്‍ തോന്നും. അത്രയും റിസ്‌കാണ്. കഥ കേള്‍ക്കുമ്പോള്‍ പുതുമയും കഥാപാത്രത്തിന്റെ വ്യത്യസ്തതയും മാത്രമേ ഞാനിപ്പോള്‍ നോക്കാറുള്ളൂ. ബാക്കിയെല്ലാം ഭാഗ്യംപോലെ കടന്നുവരുന്ന ഘടകങ്ങളാണ്.
തെരഞ്ഞെടുത്ത സിനിമകളെക്കാള്‍ കൂടുതല്‍ ഉപേക്ഷിക്കേണ്ടി വന്ന സിനിമകളാണ്. അത് സ്വഭാവികമാണ്. കേള്‍ക്കുന്ന കഥകളിലെല്ലാം അഭിനയിച്ചാല്‍ അത് തീര്‍ക്കാന്‍ ഒരു വര്‍ഷം മതിയാകില്ല. അപ്പോള്‍ നമ്മള്‍ സെലക്ടീവാകും. ഒരു വര്‍ഷം മലയാളത്തില്‍ എത്ര സിനിമകള്‍, നമുക്ക് അതിന്റെയെല്ലാം ഭാഗമാകാന്‍ കഴിയില്ലല്ലോ,’ രജിഷ വിജയന്‍ പറയുന്നു.