ആ സിനിമ കണ്ട് അമ്മ കരഞ്ഞു, അപ്പോള്‍ ഞാന്‍ മനസില്‍ പറഞ്ഞു, സംഭവം അടിച്ചു മക്കളേ... രജിഷ വിജയന്‍
Entertainment
ആ സിനിമ കണ്ട് അമ്മ കരഞ്ഞു, അപ്പോള്‍ ഞാന്‍ മനസില്‍ പറഞ്ഞു, സംഭവം അടിച്ചു മക്കളേ... രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th May 2025, 5:42 pm

ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് രജിഷ വിജയന്‍. ആദ്യ സിനിമയായ അനുരാഗ കരിക്കിന്‍ വെള്ളത്തിലെ പ്രകടനത്തിലൂടെത്തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം രജിഷയെ തേടിയെത്തി. തുടര്‍ന്ന് മലയാളത്തിലും തമിഴിലും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ രജിഷ വിജയന് കഴിഞ്ഞു.

രജിഷയുടെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍. പ്ലസ് ടു മുതല്‍ 25 വയസുവരെയുള്ള പെണ്‍കുട്ടിയായി രജിഷ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ജൂണ്‍ എന്ന സിനിമ കണ്ട് തന്റെ അമ്മ കരഞ്ഞുവെന്ന് പറയുകയാണ് രജിഷ വിജയന്‍. പഠിക്കുന്ന കാലത്ത് അമ്മ വളരെ സ്ട്രിക്റ്റ് ആയിരുന്നുവെന്നും എന്നാല്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് അമ്മയാണെന്നും രജിഷ പറഞ്ഞു.

‘എന്റെ സൗകര്യത്തിന് വേണ്ടി ഞങ്ങളിപ്പോള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. അച്ഛന്‍ വിജയന്‍ പട്ടാളത്തിലായിരുന്നു. അമ്മ ഷീല ടീച്ചറായിരുന്നു. ഇപ്പോള്‍ ഗൃഹഭരണം. അനിയത്തി അഞ്ചുഷ പഠിക്കുന്നു. അമ്മ ടീച്ചറായത് കൊണ്ടുതന്നെ പഠിക്കുന്ന കാലത്ത് സ്ട്രിക്റ്റ് ആയിരുന്നു. ഇപ്പോള്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് അമ്മയാണ്.

എന്റെ അഭിനയത്തെ കുറിച്ച് രൂക്ഷമായി വിമര്‍ശിക്കാറുള്ളതും അമ്മ തന്നെ. ജൂണ്‍ കണ്ട് കഴിഞ്ഞ് അമ്മ കരഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി, സംഭവം അടിച്ചു മക്കളേ… വീട്ടില്‍ എനിക്ക് ഒട്ടും താത്പര്യം ഇല്ലാത്ത ഒരു മേഖല ഏതെന്ന് ചോദിച്ചാല്‍ അതു പാചകമാണ്. അപ്പോള്‍ വിചാരിക്കും ഡ്രൈവിങ് ഇഷ്ടമാണെന്ന് അത് ഒട്ടും ഇഷ്ടമല്ല.

Content Highlight: Rajisha Vijayan Talks About June Movie