വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രം ചെയ്ത് തമിഴിലെ ബ്രാന്‍ഡായി മാറിയ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റായി മാറിയവയാണ്.
രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ചിത്രത്തില്‍ നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗസ്റ്റ് റോളില്‍ ആമിര്‍ ഖാനും എത്തും. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന കൂലി ഓഗസ്റ്റ് 14ന് തിയേറ്ററുകളില്‍ എത്തും.
ഇപ്പോള്‍ കൂലിയുടെ സംവിധായകനെ പ്രശംസിക്കുകയാണ് രജിനികാന്ത്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ എസ്.എസ്. രാജമൗലിയുമായാണ് ലോകേഷിനെ രജിനികാന്ത് താരതമ്യം ചെയ്യുന്നത്. ഹൈദരാബാദില്‍ നടന്ന കൂലിയുടെ പ്രീ- റിലീസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകേഷ് കനകരാജ് തമിഴിലെ രാജമൗലിയെപ്പോലെയാണ്. എല്ലാ രാജമൗലി സിനിമകളും വിജയിക്കുന്നതുപോലെ ലോകേഷിന്റെ സിനിമകളും ഹിറ്റ് ചിത്രങ്ങളാണ്,’ രജിനികാന്ത് പറയുന്നു.
2017ല്‍ പുറത്തിറങ്ങിയ മാനഗരം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തേക്ക് അരങ്ങേറിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ആദ്യ ചിത്രത്തിലൂടെത്തന്നെ അദ്ദേഹത്തിന്റെ നോണ്‍ ലീനിയര്‍ കഥപറച്ചിലിന് ആരാധകരെ ലഭിച്ചു. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ കൈതി എന്ന ചിത്രം തമിഴും കടന്ന് വമ്പന്‍ ഹിറ്റായി മാറിയിരുന്നു. താരപദവിയുള്ള സംവിധായകനായി മാറാന്‍ ലോകേഷിന് കഴിഞ്ഞു.
കൈതിക്ക് ശേഷം മാസ്റ്റര്‍, വിക്രം, ലിയോ എന്നീ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരിലൊരാളായി ലോകേഷ് മാറി. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന മാജിക് കാണാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.