അമിതാഭ് ബച്ചനും ഹൃത്വിക് റോഷനും മോഹന്‍ലാലും തൊട്ട് ഷാരൂഖ് ഖാന്‍ വരെ; സൂപ്പര്‍ സ്റ്റാറുകളുടെ തലൈവനായ രജിനികാന്ത്
Indian Cinema
അമിതാഭ് ബച്ചനും ഹൃത്വിക് റോഷനും മോഹന്‍ലാലും തൊട്ട് ഷാരൂഖ് ഖാന്‍ വരെ; സൂപ്പര്‍ സ്റ്റാറുകളുടെ തലൈവനായ രജിനികാന്ത്
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 5th February 2026, 6:15 pm

ഓരോ ഭാഷകളിലും അവരുടെതായ സൂപ്പര്‍സ്റ്റാറുകളുള്ള സിനിമാ ഇന്റസ്ട്രികളാണ് ഇന്ത്യയിലുടനീളമുള്ളത്. എന്നാല്‍ ആരാണ് ഇന്ത്യന്‍ സിനിമയിലെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറെന്ന ചോദ്യത്തിന് ഭാഷാവ്യത്യസമില്ലാതെ പലരും പറയുന്ന പേര് തമിഴ് സൂപ്പര്‍താരം രജിനികാന്തിന്റെതാണ്. കരിയറില്‍ ചെയ്തുവെച്ച ചിത്രങ്ങളിലെ സ്വാഗും സ്റ്റൈലുമാണ് ഇത്തരത്തില്‍ താരത്തെ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കുന്നത്.

സമീപകാലത്ത് രജിനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍. ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ജയിലര്‍ 2വില്‍ കാമിയോ റോളില്‍ ബോളിവുഡിലെ അതികായനായ ഷാരൂഖ് ഖാനും എത്തുമെന്ന് അറിയിച്ചതോടെ ചിത്രത്തിന്റെ ഹൈപ്പ് കുത്തനെ ഉയര്‍ന്നിരുന്നു.

രജിനി ആമിറിനും ഹൃത്വികിനുമൊപ്പം. Photo: IMDB

ഷാരൂഖ് ഖാന്റെ വരവ് ഏറെക്കുറെ ഉറപ്പായതോടെ മറ്റൊരു പ്രത്യേകതയാണ് രജിനിയെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പല ഭാഷകളിലെയും സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്ത താരമെന്ന നേട്ടമാണ് രജിനി സ്വന്തമാക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍, രാജേഷ് ഖന്ന, ധര്‍മേന്ദ്ര, അടക്കമുള്ള ബോളിവുഡിലെ ആദ്യകാല സൂപ്പര്‍താരങ്ങള്‍ക്കൊപ്പം താരം ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ബോളിവുഡ് അടക്കിവാഴുന്ന ആമിര്‍ ഖാന്‍, സഞ്ജയ് ദത്ത്, സണ്ണി ഡിയോള്‍, ഹൃത്വിക് റോഷന്‍ തുടങ്ങി മിന്നും താരങ്ങള്‍ക്കൊപ്പവും രജിനി വെള്ളിത്തിരയിലെത്തി.

ഹൃത്വിക് ബാലതാരമായി എത്തിയ ഭഗവാന്‍ ദാദയില്‍ നായകവേഷം കൈകാര്യം ചെയ്തത് രജിനിയായിരുന്നു. താരത്തിനൊപ്പം 1995 ല്‍ പുറത്തിറങ്ങിയ ആതങ്ക് ഹി ആതങ്കില്‍ അഭിനയിച്ച ആമിര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കൂലിയിലും രജിനിക്കു വേണ്ടി കാമിയോ റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വരാനിരിക്കുന്ന ജയിലര്‍ 2 വില്‍ ഷാരൂഖ് ഖാനെയും ഉള്‍പ്പെടുത്താന്‍ സാധിച്ചാല്‍ ഖാന്‍ ത്രയത്തിലെ രണ്ടാമനെയും തനിക്കൊപ്പം അണിനിരത്താന്‍ രജിനിക്ക് സാധിക്കും.

മലയാളത്തിലെ ബിഗ് എംസ് ആയ മമ്മൂട്ടിയും മോഹന്‍ലാലും ഇതിനോടകം രജിനികാന്തിനൊപ്പം ബിഗ് സ്‌ക്രീനിലെത്തിയിട്ടുണ്ട്. മമ്മൂട്ടി 1991 ല്‍ തന്നെ രജിനിക്കൊപ്പം ദളപതി എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും 2023 ല്‍ പുറത്തിറങ്ങിയ ജയിലറിലൂടെയായിരുന്നു മോഹന്‍ലാല്‍ താരത്തിനൊപ്പം ഒന്നിച്ചത്.
ലേറ്റാണെങ്കിലും ലേറ്റസ്റ്റായി വരും എന്ന രജിനിയുടെ തന്നെ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു മോഹന്‍ലാലിന്റെ ജയിലറിലെ കാമിയോ റോള്‍. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൈയടി ലഭിച്ചതും ഈ അതിഥി വേഷത്തിന് തന്നെയായിരുന്നു.

രജിനി മമ്മൂട്ടിക്കൊപ്പം ദളപതിയില്‍. Photo: IMDB

മലയാളത്തിലെ ആദ്യകാല സൂപ്പര്‍താരമായ മധു 1991 ല്‍ പുറത്തിറങ്ങിയ ധര്‍മ ധുരൈ എന്ന ചിത്രത്തില്‍ രജിനിയുടെ അച്ഛന്‍ വേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തില്‍ രജിനിയുടെ മുഖത്തടിക്കാനും മധുവിന് അവസരം ലഭിച്ചിരുന്നു. മലയാളത്തിലെ യുവതാരങ്ങളില്‍ പ്രധാനിയായ ഫഹദാണ് തലൈവര്‍ക്കൊപ്പം വെള്ളിത്തിര പങ്കിട്ട മറ്റൊരു പ്രധാന മലയാളി താരം.

പുതുതലമുറയിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ കാരണവന്മാരായ എന്‍.ടി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവരും ഈ ലിസ്റ്റില്‍ ഉള്‍പെടുന്നു. തെലുങ്കിലെ തലതൊട്ടപ്പന്‍ ചിരഞ്ജീവിയും കന്നട സൂപ്പര്‍താരങ്ങളായ ശിവരാജ്കുമാര്‍, ഉപേന്ദ്ര തുടങ്ങിയവരും രജിനി ചിത്രങ്ങളുടെ ഭാഗമാണ്.

Content Highlight: Rajinikanth became the actor who acted with most superstars in Indian Film industry

 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.