'ആലുവപുഴയുടെ തീരത്തിന്' സ്പാര്‍ക്ക് തന്നത് ആ നടന്‍, എനിക്ക് നോ പറയാന്‍ പറ്റിയില്ല: രാജേഷ് മുരുകേശന്‍
Entertainment
'ആലുവപുഴയുടെ തീരത്തിന്' സ്പാര്‍ക്ക് തന്നത് ആ നടന്‍, എനിക്ക് നോ പറയാന്‍ പറ്റിയില്ല: രാജേഷ് മുരുകേശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th May 2025, 10:52 am

 

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച സംഗീതസംവിധായകനാണ് രാജേഷ്മുരുകേശന്‍.

അല്‍ഫോണ്‍സ് – നിവിന്‍ പോളി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച പ്രേമം എന്ന സിനിമയിലും സംഗീത സംവിധായകനായത് രാജേഷ് തന്നെയായിരുന്നു. പ്രേമത്തിലെ എല്ലാ ഗാനങ്ങളും തന്നെ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ ഒന്നായിരുന്നു, ‘ആലുവപുഴയുടെ തീരത്ത്’. ഇപ്പോള്‍ ആ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് രാജേഷ് മുരുകേശന്‍.

ഒരു പ്രണയ ഗാനം വേണമെന്നാണ് അല്‍ഫോണ്‍സ് പറഞ്ഞതെന്നും പാട്ടിന്റെ ബീറ്റ് ചെറുതായി വന്നെന്നും എന്നാല്‍ ഇത് എങ്ങനെ കൊണ്ട് പോകണമെന്ന് ഐഡിയയൊന്നും തനിക്ക് ഇല്ലായിരുന്നെന്നും രാജേഷ് പറയുന്നു. ശബരീഷ് വര്‍മയും താനും ഒരുമിച്ചുണ്ടായിരുന്നെന്നും ശബരീഷാണ് പാട്ടിന്റെ ആദ്യത്തെ വരി ആ ട്യൂണോട് കൂടെ പാടിയതെന്നും അദ്ദേഹം പറയുന്നു.

ശബരീഷില്‍ നിന്നാണ് ആ പാട്ടിന്റെ സ്പാര്‍ക്ക് വന്നതെന്നും അദ്ദേഹം പാടി കഴിഞ്ഞപ്പോള്‍ തനിക്ക് നോ പറയാന്‍ കഴിഞ്ഞില്ലെന്നും അത്രയും നന്നായിരുന്നുവെന്നും രാജേഷ് മുരുകേശന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ലവ് സോങ്ങ് വേണമെന്നാണ് അല്‍ഫോണ്‍സ് പറഞ്ഞത്. അപ്പോള്‍ സ്‌ക്രിപ്റ്റും ഫോമിങ്ങും ഒരുമിച്ചല്ലേ. ഞാനും ശബരിയൊക്കെ ഒരേ റൂമിലാണ്. ശബരി എന്റെയടുത്ത് എന്താ നിന്റെ പ്ലാന്‍ എന്ന് ചോദിച്ചു. പാട്ടിന്റെ ബീറ്റിങ്ങനെ കിട്ടി. അതിന്റെ മുകളില്‍ ഒരു ഫോക്ക് വന്നാല്‍ നല്ല രസമായിരിക്കും എന്ന് തോന്നി. ശരിക്കും ഫസ്റ്റ് ലൈന്‍ ശബരി തന്നെ ഇട്ടതാണ്. അവന്‍ തന്നെയാണ് ട്യൂണോട് കൂടെ പാടിയത്. അല്ലാതെ ഇത് എന്താ ചെയ്യണ്ടതെന്ന് എനിക്കറിയില്ല. അവന്റെ കാര്യം അങ്ങനെയാണ് പെട്ടന്നാണ് ഒരോന്ന് കത്തുക.

‘ഇങ്ങനെ നോക്കിക്കേ’ എന്ന് പറഞ്ഞ് ആലുവ പുഴയുടെ തീരത്ത് എന്ന ഒരു സോണ്‍ കൊണ്ട് വന്നത് ശബരീഷാണ്. അവനാണ് ആലുവ പുഴ പിക്ക് ചെയ്തതും, അവന്‍ തന്നെയാണ് ട്യൂണായിട്ട് അത് പറഞ്ഞതും. അവന്‍ ആ പാട്ടിനെ ഓള്‍റെഡി ഇമോട്ട് ചെയ്ത് ലൈഫ് കൊടുത്തു കഴിഞ്ഞു. എനിക്ക് നോ പറയാനെ പറ്റിയില്ല. അത് അത്രയും നല്ലതായിരുന്നു. ബാക്കി കണ്ടിന്യൂ ചെയ്യാം എന്ന് പറഞ്ഞ് ഞങ്ങള്‍ തന്നെ ബിറ്റ്‌സും പീസസും ഇട്ട് അത് ട്യൂണ്‍ ചെയ്ത് ഷേപ്പ് ആക്കി എടുത്തു. ശബരീഷിന്റെ ആയിരുന്നു ഫസ്റ്റ് സ്പാര്‍ക്ക്,’ രാജേഷ് മുരുകേശന്‍ പറയുന്നു.

Content highlight: Rajesh talks about the song Aluvapuzha from Premam and about Shabarish Varma.