പ്രേമം; 'കണ്ണു ചുവക്കണ്' പാട്ടുപാടാന്‍ മുരളി ഗോപിയെ വിളിക്കാന്‍ കാരണമായത് ആ ഫഹദ് ഫാസില്‍ ചിത്രം: രാജേഷ് മുരുഗേഷന്‍
Entertainment
പ്രേമം; 'കണ്ണു ചുവക്കണ്' പാട്ടുപാടാന്‍ മുരളി ഗോപിയെ വിളിക്കാന്‍ കാരണമായത് ആ ഫഹദ് ഫാസില്‍ ചിത്രം: രാജേഷ് മുരുഗേഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 9:38 pm

അല്‍ഫോണ്‍സ് പുത്രന്റെ നേരം, പ്രേമം എന്നീ സിനിമകളിലെ പാട്ടുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകനാണ് രാജേഷ് മുരുഗേഷന്‍. ഇരുസിനിമകളുടെ റീമേക്കിലും രാജേഷ് തന്നെയാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്. നേരത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്.

2015ല്‍ പുറത്തിറങ്ങിയ പ്രേമത്തിലെ എല്ലാ പാട്ടുകളും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ ഒന്നാണ് ‘കലിപ്പ്’ എന്ന പാട്ട്. മുരളി ഗോപിയും ശബരീഷ് വര്‍മയും ചേര്‍ന്നായിരുന്നു ഇത് പാടിയത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപിയെ ഈ പാട്ടുപാടാന്‍ വിളിക്കാനുണ്ടായ സാഹചര്യം പറയുകയാണ് രാജേഷ് മുരുഗേഷന്‍.

‘ആലുവയിലെ ഒരു തിയേറ്ററിന്റെ മുന്നില്‍ ഡബ്ബിങ് സ്യൂട്ടുണ്ടായിരുന്നു. ഏത് തിയേറ്ററിന്റെ മുന്നിലായിരുന്നുവെന്ന് എനിക്ക് ഓര്‍മയില്ല. ഞാന്‍ അന്ന് മാസവാടക തരാമെന്ന് പറഞ്ഞ് അവിടെ ഇരിക്കാന്‍ തുടങ്ങി. അങ്ങനെ ഒന്നോരണ്ടോ മാസങ്ങള്‍ കഴിഞ്ഞു.

അന്ന് എനിക്ക് എന്തുകൊണ്ടോ വര്‍ക്ക് ചെയ്യാന്‍ തോന്നുന്നില്ലായിരുന്നു. എന്റെ കൂടെ അപ്പോള്‍ സന്ദീപ് എന്ന ഒരാള്‍ വര്‍ക്ക് ചെയ്തിരുന്നു. അവനാണ് എന്നോട് പുതിയൊരു പടം വന്നിട്ടുണ്ടെന്ന് പറയുന്നത്. വണ്‍ ബൈ റ്റു എന്നൊരു സിനിമയെ കുറിച്ചാണ് അവന്‍ പറഞ്ഞത്.

തൊട്ടുമുന്നിലുള്ള തിയേറ്ററില്‍ ആ പടമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ആ സിനിമ കാണാന്‍ പോകുന്നത്. എനിക്ക് മുരളി ഗോപിയുടെ അഭിനയം ഒരുപാട് ഇഷ്ടമായി. അയാളൊരു രാക്ഷസനാണല്ലോയെന്ന് തോന്നി. അന്നാണ് ഞാന്‍ അദ്ദേഹത്തെ കുറിച്ച് ആലോചിക്കുന്നത്.

അദ്ദേഹത്തിന് ആ പാട്ട് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നി. അങ്ങനെ അതിനുവേണ്ടി ഒരു ഐഡിയ ഉണ്ടാക്കി. ചെകുത്താന്റെ കോട്ടയിലേക്ക് കയറുന്നത് പോലെയുള്ള വൈബ് ക്രിയേറ്റ് ചെയ്തു. ‘കണ്ണു ചുവക്കണ്’ എന്നൊക്കെയുള്ള വരികള്‍ കൊണ്ടുവന്നത് അതുകൊണ്ടായിരുന്നു.

എന്നിട്ട് റെക്കോര്‍ഡിങ്ങിന് വേണ്ടി മുരളി ചേട്ടനെ വിളിച്ചു. അദ്ദേഹത്തിന് ആ പാട്ട് ഒരുപാട് ഇഷ്ടമായി. നമുക്ക് അടുത്ത ദിവസം റെക്കോര്‍ഡ് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അടുത്ത ദിവസം രാവിലെ വിളിച്ചപ്പോള്‍ ‘രാജേഷേ, എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. എന്റെ തൊണ്ട അത്ര ശരിയല്ല’ എന്നാണ് മുരളി ചേട്ടന്‍ പറഞ്ഞത്.

അതാണ് വേണ്ടതെന്നും കുഴപ്പമില്ലെന്നും ഞാന്‍ പറഞ്ഞു. അങ്ങനെയാണ് മുരളി ചേട്ടന്‍ ആ പാട്ട് പാടുന്നത്. വണ്‍ ബൈ റ്റു സിനിമയില്‍ അദ്ദേഹം അഭിനയിച്ച രീതിയാണ് എന്നെ മുരളി ചേട്ടനിലേക്ക് എത്തിച്ചത്. കലിപ്പുമായി അദ്ദേഹത്തെ പെട്ടെന്ന് റിലേറ്റ് ചെയ്യാനായി,’ രാജേഷ് മുരുഗേഷന്‍ പറയുന്നു.

വണ്‍ ബൈ റ്റു:

ജയമോഹന്‍ തിരക്കഥയെഴുതി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് വണ്‍ ബൈ റ്റു. 2014ല്‍ പുറത്തിറങ്ങിയ ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ മുരളി ഗോപി ഇരട്ടവേഷത്തിലാണ് എത്തിയത്. ഒപ്പം ഫഹദ് ഫാസില്‍, ഹണി റോസ്, അഭിനയ എന്നിവരും സിനിമക്കായി ഒന്നിച്ചു.


Content Highlight: Rajesh Murugesan Talks About Murali Gopy And Premam Kalippu Song