പ്രേമം; കാണുന്നവര്‍ക്കൊക്കെ സായ് പല്ലവിയോട് പ്രണയം തോന്നണമെന്നാണ് അല്‍ഫോണ്‍സ് പറഞ്ഞത്: സംഗീതസംവിധായകന്‍ രാജേഷ് മുരുഗേശന്‍
Entertainment
പ്രേമം; കാണുന്നവര്‍ക്കൊക്കെ സായ് പല്ലവിയോട് പ്രണയം തോന്നണമെന്നാണ് അല്‍ഫോണ്‍സ് പറഞ്ഞത്: സംഗീതസംവിധായകന്‍ രാജേഷ് മുരുഗേശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 6:47 pm

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച സംഗീതസംവിധായകനാണ് രാജേഷ് മുരുഗേശന്‍. അല്‍ഫോണ്‍സ് – നിവിന്‍ പോളി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച പ്രേമം എന്ന സിനിമയിലും സംഗീത സംവിധായകനായത് രാജേഷ് തന്നെയായിരുന്നു.

ഈ ഇരുചിത്രങ്ങളിലെയും ഹിറ്റ് പാട്ടുകളിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആക്ഷന്‍ ഹീറോ ബിജു, ഗോള്‍ഡ്, പടക്കളം ഉള്‍പ്പെടെയുള്ള സിനിമകളിലും രാജേഷ് മുരുഗേശന്‍ വര്‍ക്ക് ചെയ്തിരുന്നു. ഒപ്പം നേരം, പ്രേമം എന്നീ സിനിമകളുടെ റീമേക്കിലും അദ്ദേഹം തന്നെയാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്.

ഇപ്പോള്‍ പ്രേമം സിനിമയിലെ ‘മലരേ’ എന്ന പാട്ടിനെ കുറിച്ച് പറയുകയാണ് രാജേഷ്. ആ പാട്ട് ചെയ്യുന്നതിന് മുമ്പ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ ബ്രീഫ് നല്ല രസമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജേഷ്.

‘മലരേ’ എന്ന പാട്ട് ചെയ്യുന്നതിന് മുമ്പ് അല്‍ഫോണ്‍സ് തന്ന ബ്രീഫ് നല്ല രസമായിരുന്നു. ‘ബട്ടര്‍ഫ്‌ളൈയാണ്. ഇങ്ങനെ പടപടാന്ന് പറക്കണം. കാണുന്നവര്‍ക്കൊക്കെ സായ് പല്ലവിയോട് പ്രണയം തോന്നണം. രോമാഞ്ചം വരണം’ എന്നൊക്കെയാണ് അവന്‍ പറഞ്ഞത്.

വളരെ സന്തോഷം തോന്നുന്ന പാട്ടായിരിക്കണമെന്ന് എന്നോട് പ്രത്യേകം പറഞ്ഞിരുന്നു. മലര്‍ കൊടൈക്കനാലില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ വലിയ ലാന്‍ഡ്‌സ്‌ക്കേപ്പ് കൊടുക്കാമെന്ന് കരുതി. അത്തരത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്തിട്ടാണ് ആ പാട്ട് ഉണ്ടാകുന്നത്.

ശബരി (ശബരീഷ് വര്‍മ) പാട്ടിന്റെ ആദ്യത്തെ പോര്‍ഷന്റെ ലിറിക്‌സ് വളരെ പെട്ടെന്ന് എഴുതിയിരുന്നു. പക്ഷെ രണ്ടാമത്തെ പോര്‍ഷന്‍ ഒന്നോരണ്ടോ മാസം എടുത്തിട്ടാണ് എഴുതുന്നത്. വളരെ പതുക്കെ സമയമെടുത്താണ് എഴുതിയത്. പെട്ടെന്ന് ഒരു ദിവസം വന്നിട്ട് നമുക്ക് റെക്കോര്‍ഡ് ചെയ്യാമെന്ന് പറയുകയായിരുന്നു,’ രാജേഷ് മുരുഗേഷന്‍ പറയുന്നു.


Content Highlight: Rajesh Murugesan Talks About Malare Song In Premam Movie