മാനനഷ്ടക്കേസില്‍ നിയമനടപടി ഉറപ്പായപ്പോള്‍ ഷര്‍ഷാദ് തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നു: രാജേഷ് കൃഷ്ണ
Kerala
മാനനഷ്ടക്കേസില്‍ നിയമനടപടി ഉറപ്പായപ്പോള്‍ ഷര്‍ഷാദ് തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നു: രാജേഷ് കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th August 2025, 8:44 pm

തിരുവനന്തപുരം: സി.പി.ഐ.എം കത്ത് ചോര്‍ച്ച വിവാദത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം യു.കെ ഘടകം നേതാവ് രാജേഷ് കൃഷ്ണ. ഷര്‍ഷാദ് ഉന്നയിക്കുന്നത് തെളിവുകളില്ലാത്ത ആരോപണങ്ങളാണെന്ന് രാജേഷ് കൃഷ്ണ പറഞ്ഞു.

തനിക്കെതിരായ ദുഷ്പ്രചരണങ്ങളില്‍ ഷര്‍ഷാദിനെതിരെ എന്തുകൊണ്ട് നിയമനടപടിയെടുക്കില്ലെന്നും രാജേഷ് കൃഷ്ണ ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാജേഷ് കൃഷ്ണയുടെ പ്രതികരണം.

കഴിഞ്ഞ മാസം ദല്‍ഹി കോടതിയില്‍ ഷര്‍ഷാദിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നുവെന്നും ക്ഷമയുടെ നെല്ലിപ്പലക കണ്ടതോടെയാണ് നിയമനടപടി സ്വീകരിച്ചതെന്നും രാജേഷ് കൃഷ്ണ പറഞ്ഞു. തന്റെ പരാതിയില്‍ നിയമനടപടി ഉറപ്പായപ്പോഴാണ് ഷര്‍ഷാദ് വീണ്ടും രംഗത്തെത്തിയതെന്നും രാജേഷ് കൃഷ്ണ ചൂണ്ടിക്കാട്ടി.

‘നിയമനടപടി ഉറപ്പായപ്പോള്‍ പഴയ മഞ്ഞപത്രക്കാരന്റെ നേതൃത്വത്തില്‍ ഒരു മുഖ്യധാരാ പത്രറിപ്പോര്‍ട്ടറെ കളത്തിലിറക്കി. നിരന്തര സി.പി.ഐ.എം വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായും ഇന്നത്തെ മത്സര മാര്‍ക്കറ്റിങ് റേറ്റിങ്ങ് പ്രഷറിലും മറ്റ് മാധ്യമങ്ങളും കളത്തിലിറങ്ങി. വ്യക്തമായി തന്നെ പറയട്ടെ, ഈ വിവാദത്തില്‍പ്പെട്ട കത്ത് പ്രസ്തുത പ്രതി തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും പങ്കുവെച്ചതും പിന്നീട് ഡിലീറ്റ് ചെയ്തതുമാണ്. ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍ റിട്രൈവ് ചെയ്യാന്‍ ഇവിടെ സംവിധാനങ്ങളുണ്ടല്ലോ, വരും ദിവസങ്ങളില്‍ അതും പുറത്തുവരും,’ രാജേഷ് കൃഷ്ണ വ്യക്തമാക്കി.

രാജേഷ് കൃഷ്ണക്കെതിരെ സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം അശോക് ധാവ്ലേയ്ക്ക് പരാതി നല്‍കിയത് താനാണെന്ന്, ഷര്‍ഷാദ് തന്നെ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നുണ്ട്. പരാതിയുടെ പകര്‍പ്പ് ആര്‍ക്കും ആവശ്യപ്പെടാമെന്ന് ഷര്‍ഷാദ് പറഞ്ഞിരുന്നുവെന്നും രാജേഷ് കൃഷ്ണ പറഞ്ഞു. അതുകൊണ്ട് തന്നെ തനിക്കെതിരായ പരാതി പൊതുജനമധ്യത്തില്‍ എത്തിയത് ഷര്‍ഷാദില്‍ നിന്നുതന്നെയാണല്ലോ എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

ഇപ്പോള്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ഈ കത്ത് 2022 മുതല്‍ മലയാളത്തില്‍ പലയിടങ്ങളിലും ലഭ്യമായിരുന്നെന്ന് പ്രതി തന്നെ പറയുന്നുണ്ടല്ലോ എന്നും രാജേഷ് കൃഷ്ണ ചോദിച്ചു.

തനിക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനൊരു ഗുമ്മില്ലാത്തതിനാല്‍ സി.പി.ഐ.എമ്മിനെയും സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേയും കുടുംബത്തെയും ചേര്‍ത്ത് കെട്ടാന്‍ ശ്രമിച്ച പ്രതിയുടെ അതിബുദ്ധിയില്‍ ഇത്തവണ വീണത് മാധ്യമ സിന്‍ഡിക്കേറ്റാണെന്നും രാജേഷ് കൃഷ്ണ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ വര്‍ഗബോധം ഇഷ്ടമായെന്നും രാജേഷ് കുറിച്ചു.

‘ഏതന്വേഷണത്തെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. 25 വര്‍ഷത്തോളമായി ഇംഗ്ലണ്ടില്‍ ജീവിക്കുന്ന, പണ്ടേ ബ്രിട്ടീഷ് പൗരത്വം എടുക്കാന്‍ കഴിയുമായിരുന്ന ഞാന്‍, ഒരു വോട്ട് ചെയ്യാന്‍ മാത്രം ഇന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിലനില്‍ത്തിയിരിക്കുന്ന വ്യക്തിയാണ്. പാര്‍ട്ടിയുടെ മെമ്പറാണെന്ന് അഭിമാനത്തോടെ പറയുന്ന, സി.പി.ഐ.എം ബ്രിട്ടണ്‍ ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറായി പ്രവര്‍ത്തിച്ചു വരുന്ന ഞാന്‍, പാര്‍ട്ടി എടുക്കുന്ന എന്ത് തീരുമാനത്തോടൊപ്പവും ഉണ്ടാകും,’ രാജേഷ് കൃഷ്ണ വ്യക്തമാക്കി.

Content Highlight: CPI(M) UK unit leader Rajesh Krishna responds to CPIM letter leak controversy