തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ‘ഭാരത് മാതാ കീ ജയ്’ എന്ന് കേള്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകനായ മുഹമ്മദ് റിയാസിന് വല്ലാത്തൊരു സുഖക്കേടാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്നലെ (വെള്ളി) നടന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ രൂക്ഷമായ വിമര്‍ശനവും പരിഹാസവും നേരിട്ടിരുന്നു.
വേദിയിലെ സാന്നിധ്യത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശനം നേരിട്ടത്. നേരത്തേയെത്തി വേദിയില്‍ സീറ്റുപിടിച്ച രാജീവിനെ വിമര്‍ശിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കം രംഗത്തെത്തിയിരുന്നു.
വേദയിലിരിക്കേണ്ട തങ്ങള്‍ സദസിലാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വേദിയിലാണെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിനുള്ള മറുപടിയെന്നോണമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
സി.പി.ഐ.എമ്മുകാര്‍ മുഴുവനും തന്നെ ട്രോളുകയാണെന്നും എത്ര വേണമെങ്കിലും ട്രോളട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സി.പി.ഐ.എമ്മുകാര്‍ അവര്‍ക്കാവും വിധത്തില്‍ ട്രോളിക്കോട്ടെ, ഈ ട്രെയിന്‍ എടുത്ത് കഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുഹമ്മദ് റിയാസിന് എന്തെങ്കിലും സങ്കടമോ സംശയമോ ഉണ്ടെങ്കില്‍ അദ്ദേഹം ഡോക്ടറെ കാണട്ടേയെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
ട്രോളുകളില്‍ മാനസികമായി തളരില്ലെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍, പ്രവര്‍ത്തകര്‍ നേരത്തെ എത്തുന്നതിനാല്‍ അവരെ കാണുന്നതിനായാണ് നേരത്തെ എത്തിയതെന്നും ന്യായീകരിച്ചു. കേരളത്തില്‍ മാറ്റം വരുത്താന്‍ ബി.ജെ.പിക്കെ കഴിയൂ എന്ന് അവകാശപ്പെട്ട രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ കയറ്റിയിട്ടേ താന്‍ മടങ്ങുള്ളുവെന്നും പറഞ്ഞു.
വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേന്ദ്ര ഗതാഗതമന്ത്രി നല്‍കിയ റോഡില്‍ നിന്ന് സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യാന്‍ മുഹമ്മദ് റിയാസിന് നാണമില്ലേയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
അതേസമയം രാജീവ് ചന്ദ്രശേഖര്‍ നേരത്തെ വന്ന് നാണമില്ലാതെ കുമ്മനടിച്ചിട്ടുണ്ടെന്നും വിളമ്പുന്നവന് നാണം ഇല്ലെങ്കിലും കഴിക്കുന്നവന് നാണം വേണമെന്നും ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
ഇതിനുപുറമെ ഉദ്ഘാടന വേദിയില്‍ നേരത്തെ എത്തിയ രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ ഒറ്റയ്ക്ക് ഇരുന്ന് മുദ്രാവാക്യം വിളിക്കുന്നന്റെ വീഡിയോ പരിഹാസ രൂപേണ ഇടത് ഹാന്‍ഡിലില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മുഹമ്മദ് റിയാസിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു
നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. റിയാസ് പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.
Content Highlight: rajeev chandrasekhar against muhammad riyas