വിക്കറ്റ് കീപ്പര്‍ പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയത് സൂപ്പര്‍ കിങ്‌സിനായി; ബമ്പറടിച്ചത് രാജസ്ഥാന്
Cricket
വിക്കറ്റ് കീപ്പര്‍ പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയത് സൂപ്പര്‍ കിങ്‌സിനായി; ബമ്പറടിച്ചത് രാജസ്ഥാന്
ഫസീഹ പി.സി.
Wednesday, 31st December 2025, 10:16 am

എസ്.എ 20യില്‍ മിന്നും പ്രകടനവുമായി ജോബര്‍ഗ് സൂപ്പര്‍ കിങ്സ് താരം ഡൊണോവന്‍ ഫെരേര. മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടുമാണ് തിളങ്ങിയത്. ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന ജോബര്‍ഗ് സൂപ്പര്‍ കിങ്സ് – ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിലാണ് താരത്തിന്റെ പ്രകടനം.

ജോബര്‍ഗ് സൂപ്പര്‍ കിങ്സ് വിക്കറ്റ് കീപ്പറായ ഡൊണോവന്‍ ഫെരേര വിക്കറ്റ് വീഴ്ത്തിയും, ടീമിനായി ഫിനിഷറുടെ റോളില്‍ മികച്ച പ്രകടനം നടത്തിയുമാണ് ഈ മത്സരത്തില്‍ ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിന്റെ സൂപ്പര്‍ താരമായ ഹെന്റിക് ക്ലാസനെയാണ് താരം പുറത്താക്കിയത്.

Photo: Johns/x.com

ഏഴാം ഓവറിലാണ് ഫെരേര മത്സരത്തില്‍ പന്തെറിഞ്ഞത്. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ താരം വിക്കറ്റും വീഴ്ത്തി. വെടിക്കെട്ടിന് പേരുകേട്ട ക്ലാസനെ വെറും മൂന്ന് റണ്‍സിനാണ് താരം പുറത്താക്കിയത്. സൂപ്പര്‍ ജയന്റ്‌സിന്റെ നാലാം വിക്കറ്റായാണ് ക്ലാസന്റെ മടക്കം. ഈ ഓവറിലാകട്ടെ ഫെരേര വിട്ടുകൊടുത്തത് വെറും നാല് മാത്രമാണ്.

പിന്നാലെ ഡുവന്‍ യാന്‍സെന്‍ അടുത്ത ഓവര്‍ എറിയാനെത്തി. ഈ ഓവറിന് ശേഷം ഫെരേര തന്റെ രണ്ടാം ഓവറും എറിഞ്ഞു. ഇതില്‍ താരത്തിന് വിക്കറ്റൊന്നും വീഴ്ത്താനായില്ലെങ്കിലും വിട്ടുനല്‍കിയത് ഒമ്പത് റണ്‍സ് മാത്രമാണ്.

ഏറെ വൈകാതെ സൂപ്പര്‍ കിങ്സ് താരങ്ങള്‍ സൂപ്പര്‍ ജയന്റ്‌സിനെ 86 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങില്‍ തുടക്കം തന്നെ സൂപ്പര്‍ കിങ്‌സിന്റെ രണ്ട് താരങ്ങള്‍ മടങ്ങി. പിന്നാലെ റൈയ്‌ലി റൂസോ എത്തി 32 പന്തില്‍ 43 റണ്‍സെടുത്ത് ടീമിനെ കരകയറ്റി.

എന്നാല്‍, വിജയത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ റൂസോ നാലാം വിക്കറ്റായി മടങ്ങി. അതോടെ ഫെരേര ബാറ്റിങ്ങിനെത്തി. നേരിട്ട ആദ്യ രണ്ട് പന്തില്‍ സിംഗിള്‍ എടുത്ത താരം മൂന്നാം പന്തില്‍ ഫോറും നാലാം പന്തില്‍ സിക്‌സുമടിച്ച് ടീമിനെ വിജയിപ്പിച്ചു. വെറും നാല് പന്തില്‍ താരം പുറത്താവാതെ എടുത്തത് 12 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റാവട്ടെ 300 ഉം.

ഫെരേരയുടെ പ്രകടനം ഏറെ സന്തോഷിപ്പിക്കുന്നത് ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് ടീമിനെയും ആരാധകരെയുമാവും. പുതിയ സീസണിന് മുന്നോടിയായി ദല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നാണ് താരത്തെ ആര്‍.ആര്‍ ടീമിലെത്തിച്ചത്. ട്രേഡിലൂടെ ഒരു കോടിക്കായിരുന്നു താരത്തെ തിരികെ ടീമില്‍ എത്തിച്ചത്. നിതീഷ് റാണയെ ദല്‍ഹിക്ക് നല്‍കിയായിരുന്നു ഈ നീക്കം.

Content Highlight: Rajasthan Royals wicker keeper batter Donovan Ferreira shines as wicket taker and finisher in SA20

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി