മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ അവസരം വന്നിരുന്നു, നഷ്ടപ്പെടുത്തിയതില്‍ കുറ്റബോധം തോന്നുന്നു; രാജശ്രീ
Malayalam Cinema
മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ അവസരം വന്നിരുന്നു, നഷ്ടപ്പെടുത്തിയതില്‍ കുറ്റബോധം തോന്നുന്നു; രാജശ്രീ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd November 2025, 5:47 pm

മലയാളത്തില്‍ മോഹന്‍ലാലും സുരേഷ് ഗോപിയുമടക്കമുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം ഒട്ടനവധി വേഷങ്ങള്‍ ചെയ്ത അഭിനേത്രിയാണ് രാജശ്രീ. കന്നട, തെലുങ്ക്, തമിഴ് ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരം മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ പറ്റാത്തതിലുള്ള അനുഭവം പറയുകയാണ് സ്പോട്ട്ലൈറ്റ് എന്ന യൂ ട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍.

‘ലാലേട്ടനൊപ്പം ഒരുപാട് ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂക്കക്കൊപ്പം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. സത്യത്തില്‍ മമ്മൂക്കക്കൊപ്പം സിനിമ ചെയ്യാനായി എനിക്ക് അവസരം ലഭിച്ചിരുന്നു. പക്ഷേ എന്റെ കല്ല്യണം ആ സമയത്തായതുകൊണ്ടും മറ്റു പല കാരണങ്ങള്‍ കൊണ്ടും എനിക്കത് ചെയ്യാന്‍ കഴിഞ്ഞില്ല. ഏതാണ് സിനിമ എന്ന് ഞാന്‍ പറയുന്നില്ല. കാരണം എന്നെ സംബന്ധിച്ച് വലിയൊരു നഷ്ടമാണത്.

എല്ലാവരുടെയും ആഗ്രഹമാണ് മമ്മൂട്ടിയെപ്പോലെ ഒരു നടന്റെ കൂടെ അഭിനയിക്കണം എന്നത്. മമ്മൂക്കയുടെ അടുത്തിറങ്ങിയ ഭ്രമയുഗം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയി. അത്തരത്തിലൊരു കഥാപാത്രം മമ്മൂക്കയില്‍ നിന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത്രക്ക് അടിപൊളി ലുക്കും പൊര്‍ഫോമന്‍സുമായിരുന്നു ചിത്രത്തില്‍ മമ്മൂക്കയുടേത്.

ഈയടുത്തകാലത്തിറങ്ങുന്ന മമ്മൂക്കയുടെ ചിത്രങ്ങളെല്ലാം വ്യത്യസ്തമാണ്. അത്രയധികം പരീക്ഷണങ്ങളാണ് ഓരോ ചിത്രത്തിലൂടെയും മമ്മൂക്ക നടത്തുന്നത്. വളരെ ബ്രില്ല്യന്റായ ഒരു അഭിനേതാവിന് മാത്രമേ ഇത്തരത്തിലുള്ള വ്യത്യസ്തമായ റോളുകള്‍ ചെയ്യാന്‍ സാധിക്കുള്ളൂവെന്നും,’ രാജശ്രീ പറയുന്നു.

തെലുങ്കില്‍ നിന്നും കന്നടയില്‍ നിന്നും വ്യത്യസ്തമായി മലയാളം സിനിമ എപ്പോഴും തിരക്കഥകള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും, അതുകൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങള്‍ക്കും ചിത്രത്തില്‍ അതിന്റെതായ പ്രാധാന്യമുണ്ടെന്നും രാജശ്രീ പറയുന്നു. ‘മലയാളത്തില്‍ എപ്പോഴാണ് അടുത്ത ചിത്രം ചെയ്യുന്നതെന്ന് സുഹൃത്തുക്കള്‍ എപ്പോഴും ചോദിക്കാറുണ്ട്, പക്ഷേ നല്ല കഥാപാത്രങ്ങള്‍ ലഭിക്കത്തതുകൊണ്ടാണ് നീണ്ട ഇടവേളകള്‍ വരുന്നത്’ താരം പറഞ്ഞു.

1998 ല്‍ ജഗദീഷ് നായകനായ മംഗല്യപ്പല്ലക്കിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി രാവണപ്രഭു, മേഘസന്ദേശം, ഗ്രാന്‍ഡ് മാസ്റ്റര്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന വിലായത്ത് ബുദ്ധയാണ് രാജശ്രീയുടെ ഏറ്റവും പുതിയ ചിത്രം.

Content Highlight: Rajashree about the missing opportunity with Mammootty