മീന ചേച്ചി മരിച്ചപ്പോൾ എല്ലാവരും കരഞ്ഞു, അങ്ങനെ എവിടെയും കണ്ടിട്ടില്ല : രാജസേനൻ
Malayalam Cinema
മീന ചേച്ചി മരിച്ചപ്പോൾ എല്ലാവരും കരഞ്ഞു, അങ്ങനെ എവിടെയും കണ്ടിട്ടില്ല : രാജസേനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th July 2025, 9:41 am

കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാജസേനൻ. മേലേപ്പറമ്പിൽ ആൺവീട്, അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്‌നലോകത്തെ ബാലഭാസ്‌കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. ഏതാനും ചിത്രങ്ങൾക്ക് രാജസേനൻ കഥയുമെഴുതിയിട്ടുണ്ട്. ഇപ്പോൾ പഴയകാല നടി മീനയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

തന്റെ സിനിമയായ ദി കാറിന്റെ ഡബ്ബിങ്ങിന്റെ സമയത്താണ് നടി മീന മരിക്കുന്നതെന്നും താന്‍ എറണാകുളത്ത് പോയി ബോഡി കണ്ടെന്നും രാജസേനന്‍ പറയുന്നു. പിന്നീട് താന്‍ അതേ സിനിമയുടെ ഫൈനല്‍ വര്‍ക്കിനായി ചെന്നൈയില്‍ പോയപ്പോള്‍ അവരുടെ വീട്ടില്‍ പോയെന്നും മരണസമയത്തെ ആല്‍ബം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍നോക്കിയപ്പോള്‍ അന്നത്തെ നടികളെല്ലാം ബോഡിയില്‍ വീണ് കരയുന്ന ഫോട്ടോ കണ്ടെന്നും ഇങ്ങനെയൊന്നും താന്‍ സിനിമയില്‍ കണ്ടിട്ടില്ലെന്നും രാജസേനന്‍ പറയുന്നു.

ആ കാലഘട്ടത്തിലെ സിനിമയില്‍ സൗഹൃദമുണ്ടായിരുന്നെന്നും അതിനേക്കാളുപരി സഹോദര ബന്ധം ഉണ്ടായിരുന്നത് ആ കാലഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ സിനിമ ദി കാറിന്റെ ഡബ്ബിങ് നടക്കുയാണ്. അതിന്റെ ഇടക്കാണ് മീന ചേച്ചി മരിക്കുന്നത്. ഞാന്‍ എറണാകുളത്ത് പോയി ബോഡിയൊക്കെ കണ്ട് സിനിമയുടെ ഫൈനല്‍ വര്‍ക്കിനായി ചെന്നെയില്‍ ചെന്നപ്പോള്‍ മീന ചേച്ചിയുടെ വീട്ടിലേക്ക് പോയി. അവിടെ പോയപ്പോള്‍ ആല്‍ബം എടുക്കുമല്ലോ? മരണത്തിന് അവിടെയൊക്കെ ആല്‍ബം ചെയ്യും.

ഞാന്‍ എടുത്ത് നോക്കുമ്പോള്‍ ശാരദാമ്മ, ജയഭാരതി ചേച്ചി, വിധുബാല ഇവരൊക്കെ മീന ചേച്ചിയുടെ ബോഡിയില്‍ വീണുകിടന്ന് കരയുകയാണ്. ഇങ്ങനെയൊന്നും സിനിമയില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. അത്രും സൗഹൃദമായിരുന്നു ആ കാലഘട്ടത്തിലെ സിനിമ. അതിനേക്കാളുപരി സത്യസന്ധമായ സ്‌നേഹം. ഒരു സഹോദര ബന്ധം നന്നായിട്ട് ഉണ്ടായിരുന്നത് ആ കാലഘട്ടത്തിലാണ്,’ രാജസേനന്‍ പറയുന്നു.

Content Highlight: Rajasenan Talking  about Actress Meena