മമ്മൂക്ക ഒരു പ്രവചനം നടത്തി, അത് ഒരു വലിയ വാക്കാണ്: നിര്‍മാതാവ് രഞ്ജിത്ത്
Entertainment
മമ്മൂക്ക ഒരു പ്രവചനം നടത്തി, അത് ഒരു വലിയ വാക്കാണ്: നിര്‍മാതാവ് രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th May 2025, 10:34 am

തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. സൗദിവെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ തുടരും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിര്‍മാതാവെന്ന നിലയില്‍ ഒരുപാട് വിജയ പരാജയങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇപ്പോള്‍ അത്തരമൊരു സമയത്ത് തന്നെ മമ്മൂട്ടി ഏറെ പിന്തുണച്ചിട്ടുണ്ടെന്ന് പറയുകയാണ് രഞ്ജിത്ത്.

നിര്‍മാതാവായി സിനിമയില്‍ ഉണ്ടായിരുന്ന താന്‍ തുടര്‍ന്ന് സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും മറ്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഒരു ദിവസം കാറില്‍ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ മമ്മൂട്ടി ഈ കാര്യം തന്റെയടുത്ത് ചോദിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറയുന്നു. രഞ്ജിത്ത് നിര്‍മാതാവായി വീണ്ടും സിനിമയില്‍ തിരിച്ചുവരുമെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

‘എനിക്ക് ഏറ്റവും കൂടുതല്‍ സപ്പോര്‍ട് തന്നയാളാണ് മമ്മൂക്ക. ഇത്രയും കാലം ഒരു സിനിമ നിര്‍മാതാവായി നടന്നിരുന്ന ആള്‍ ഇപ്പോള്‍ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്യുകയും ഞാന്‍ നിര്‍മിച്ച സിനിമയുടെ സംവിധായകരായിരുന്നവരുടെ സിനിമയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഒരു സമയമുണ്ടായിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് വിഷമമുണ്ടാക്കില്ലേ രഞ്ജിത്തേ, എന്ന ചോദ്യം മമ്മൂക്ക ഒരു കാര്‍ യാത്രയില്‍ എന്റെ അടുത്ത് ചോദിച്ചിട്ടുണ്ട്. ഞാന്‍ ഒരൊറ്റ കാര്യം പറഞ്ഞതില്‍ മമ്മൂക്കയ്ക്ക് അന്ന് ഭയങ്കര സന്തോഷമായിട്ടുമുണ്ട്.

ഞാന്‍ ഇങ്ങനെയാണ് പറഞ്ഞത് ‘ മമ്മൂക്ക എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ, ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പ്, വിയര്‍ത്ത് ഒലിച്ച് തിയേറ്ററില്‍ ഇരുന്ന് ഞാന്‍ സിനിമ കാണുമ്പോള്‍, അന്ന് കണ്ട് കൈയടിച്ച മമ്മൂക്ക ഓടിക്കുന്ന വണ്ടിയുടെ ലെഫ്റ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നയാളാണ് ഞാന്‍’ അപ്പോള്‍ മമ്മൂക്ക രണ്ട് കൈയ്യും സ്റ്റിയറിങ്ങില്‍ നിന്ന് വിട്ടിട് കൈയ്യടിച്ചിട്ട് എന്നോട് പറഞ്ഞു ഞാന്‍ ഇവിടെ ഒരു പ്രവചനം നടത്താന്‍ പോകുകയാണ് ‘ രഞ്ജിത്ത് സിനിമയില്‍ നിര്‍മാതാവായി തിരിച്ചുവരും’ എന്ന് പറഞ്ഞു. സത്യസന്ധമായി പറയുകയാണ് ആ വാക്ക് വലിയ വാക്കാണ്,’ രജപുത്ര രഞ്ജിത് പറയുന്നു.

Content Highlight: Rajaputhra  Renjith talks about the successes and failures of his film career and the support he received from Mammootty.