അപ്പോ അതങ്ങ് ഉറപ്പിച്ചു, വിജയ്‌യുടെ ഫെയര്‍വെല്ലിന് പ്രഭാസ് വക ചെക്ക്, ബോക്‌സ് ഓഫീസ് മത്സരം കടുക്കും
Indian Cinema
അപ്പോ അതങ്ങ് ഉറപ്പിച്ചു, വിജയ്‌യുടെ ഫെയര്‍വെല്ലിന് പ്രഭാസ് വക ചെക്ക്, ബോക്‌സ് ഓഫീസ് മത്സരം കടുക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th September 2025, 8:06 pm

ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ രാജാസാബ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2026 സംക്രാന്തി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. പ്രഭാസ് രണ്ട് ഗെറ്റപ്പിലെത്തുന്ന ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്.

തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ ജന നായകനൊപ്പമാണ് രാജാസാബിന്റെ ക്ലാഷ്. ഹോം ടെറിട്ടറിയില്‍ ഇരുവര്‍ക്കും ആരും വെല്ലുവിളിയുയര്‍ത്തുന്നില്ലെങ്കിലും ഇന്ത്യക്ക് പുറത്ത് രണ്ട് ചിത്രങ്ങളുടെയും ഒരുമിച്ചുള്ള റിലീസ് കളക്ഷനെ ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യക്ക് പുറത്ത് രണ്ട് പേര്‍ക്കും വലിയ ഫാന്‍ബേസുണ്ടെങ്കിലും മുന്‍തൂക്കം പ്രഭാസിനാണ്.

75 കോടിക്കാണ് ജന നായകന്റെ ഓവര്‍സീസ് റൈറ്റ്‌സ് വിറ്റുപോയത്. ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്. വിതരണക്കാര്‍ സേഫാകണമെങ്കില്‍ 150 കോടിയെങ്കിലും ഇന്ത്യക്ക് പുറത്തുനിന്ന് ലഭിക്കണം. എന്നാല്‍ രാജാ സാബിന്റെ റിലീസ് ജന നായകന് വെല്ലുവിളിയായിരിക്കുകയാണ്. സ്‌ക്രീനുകളുടെ എണ്ണത്തിലെല്ലാം രാജാ സാബ് വ്യക്തമായ ലീഡ് നേടുമെന്നാണ് കണക്കുകൂട്ടല്‍.

ജന നായകന് ക്ലീന്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുകയും രാജാ സാബിന് മിക്‌സഡ് റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ വിജയ് ചിത്രത്തിന് മുന്നേറാനാകുള്ളൂ. അല്ലാത്തപക്ഷം ജന നായകന്റെ വിതരണക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഫാര്‍സ് ഫിലിംസാണ് ജന നായകന്റെ ഓവര്‍സീസ് വിതരണക്കാര്‍. അതേസമയം രാജാസാബിന്റെ റൈറ്റ്‌സ് ഇതുവരെ വിറ്റുപോയിട്ടില്ല. 80 കോടിയാണ് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന തുക.

റോം കോം സിനിമകളിലൂടെ തെലുങ്കില്‍ തന്റേതായ സ്ഥാനം നേടിയ മാരുതിയാണ് രാജാസാബിന്റെ സംവിധായകന്‍. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. തന്റെ മുത്തശ്ശന്റെ കൊട്ടാരത്തിലെ അമൂല്യനിധിയും സമ്പത്തും സ്വന്തമാക്കാനെത്തുന്ന കഥാപാത്രമായാണ് പ്രഭാസ് രാജാ സാബില്‍ വേഷമിടുന്നത്. രാജാവായ മുത്തശ്ശന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും പ്രഭാസ് തന്നെയാണ്.

മൂന്ന് നായികമാരാണ് രാജാസാബിലുള്ളത്. മാളവിക മോഹനന്‍, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍ എന്നിവരാണ് നായികമാര്‍. ബോളിവുഡ് താരങ്ങളായ ബൊമ്മന്‍ ഇറാനി, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. പാന്‍ ഇന്ത്യനായാണ് രാജാ സാബ് തിയേറ്ററുകളിലെത്തുന്നത്. റിബല്‍ സ്റ്റാറും ദളപതിയും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കാകുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Content Highlight: Raja Saab going to clash with Jana Nayagan in Box Office next year