കന്നഡ സിനിമയുടെ ഗതി മാറ്റിമറിച്ചവരാണ് രാജ് ബി ഷെട്ടി, റിഷബ് ഷെട്ടി, രക്ഷിത് ഷെട്ടി എന്നിവര്‍. ബാംഗ്ലൂരില്‍ മാത്രം തളച്ചിടപ്പെട്ട കന്നഡസിനിമയെ കര്‍ണാടകയിലെ മറ്റ് സ്ഥലങ്ങളെയും പരിചയപ്പെടുത്തിയത് ഈ മൂന്ന് പേരാണ്. ഷെട്ടി ഗ്യാങ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ അഭിനയത്തിന് പുറമെ സംവിധാനം, നിര്‍മാണം എന്നീ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
രാജ് ബി. ഷെട്ടിയുടെ നിര്‍മാണത്തില്‍ ഈയിടെ പുറത്തിറങ്ങിയ ചിത്രമാണ് സു ഫ്രം സോ. നവാഗതനായ ജെ.പി. തുമിനാദ് സംവിധാനം ചെയ്ത ചിത്രം കര്‍ണാടകയില്‍ വന്‍ വിജയമായിരുന്നു. മലയാളത്തിലും ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിയ ചിത്രം കേരളത്തിലും വന്‍ വിജയം സ്വന്തമാക്കി. ഒരു ഗ്രാമവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയുമാണ് ചിത്രം സംസാരിക്കുന്നത്.
കന്നഡ സിനിമയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രാജ് ബി. ഷെട്ടി. ഒരു കെ.ജി.എഫോ അല്ലെങ്കില്‍ ഒരു കാന്താരയോ റിലീസായാതുകൊണ്ട് കന്നഡ സിനിമ ഉയരത്തിലെത്തുമെന്ന് താന്‍ കരുതുന്നില്ലെന്ന് രാജ് ബി. ഷെട്ടി പറഞ്ഞു. ആ രണ്ട് സിനിമകളിലും പുതുമയുള്ളതുകൊണ്ടാണ് വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കാന്താരയുടെ റിലീസ് അടുക്കാറയപ്പോള്‍ റിഷബിന് ടെന്‍ഷനായിരുന്നു. ആ സിനിമ വര്‍ക്കാകുമോ എന്ന കാര്യത്തില്‍ അവന് ഉറപ്പുണ്ടായിരുന്നില്ല. കാരണം, അങ്ങനെയൊരു കഥ ആരും മുമ്പ് ചെയ്തിട്ടില്ലായിരുന്നു. റിലീസിന് രണ്ട് ദിവസം മുമ്പ് അവന്‍ എന്നെ വിളിച്ചിരുന്നു.
‘ഇവിടെ എല്ലാവരും എന്തൊക്കെയോ പറയുന്നു. ഹിന്ദിയിലും മലയാളത്തിലും ഈ സിനിമ ഡബ്ബ് ചെയ്യണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അവരുടെയും നമ്മുടെയും കള്‍ച്ചര്‍ തമ്മില്‍ വ്യത്യാസമില്ലേ, അവിടെ ഈ സിനിമ വര്‍ക്കാകുമോ’ എന്ന് റിഷബ് ചോദിച്ചു.
അതായത്, ഈ സിനിമയുടെ അക്‌സപ്റ്റന്‍സിനെക്കുറിച്ച് അവന് നല്ല സംശയമുണ്ടായിരുന്നു. പക്ഷേ, പടം ഹിറ്റായി. തിയേറ്ററില്‍ പോയി കണ്ടവര്‍ക്ക് അതൊരു ഇവന്റ് പോലെയായിരുന്നു. അതാണ് കാന്താര വിജയിക്കാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് കെ.ജി.എഫും കാന്താരയും പോലുള്ള സിനിമകള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ്,’ രാജ് ബി. ഷെട്ടി പറയുന്നു.
അത്തരം ശ്രമങ്ങള്‍ പ്രേക്ഷകരില്‍ മടുപ്പുണ്ടാക്കുമെന്നും അവരാഗ്രഹിക്കുന്നത് ഫ്രഷായിട്ടുള്ള എക്‌സ്പീരിയന്‍സാണെന്നും താരം പറഞ്ഞു. സു ഫ്രം സോ എന്ന സിനിമ ഫ്രഷായിട്ടുള്ള ഒരു സിനിമയാണെന്നും അത് തങ്ങള്‍ ചെയ്ത ഒരു പരീക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ക്ക് വേണ്ടത് ഇത്തരം പുതുമയാണെന്നും സെക്കന്‍ഡ് ഹാന്‍ഡ് സിനിമയല്ലെന്നും രാജ് ബി. ഷെട്ടി പറഞ്ഞു.
Content Highlight: Raj B Shetty about the imitation of KGF and Kantara in Kannada industry