കുട്ടികളെ വളര്‍ത്തുന്നത് സ്ത്രീകളുടെ സഹജവാസന: യു.പി ഗവര്‍ണറുടെ 'മിടുക്കിയായ അമ്മ' പരാമര്‍ശത്തെ പിന്തുണച്ച് കങ്കണ റണാവത്ത്
India
കുട്ടികളെ വളര്‍ത്തുന്നത് സ്ത്രീകളുടെ സഹജവാസന: യു.പി ഗവര്‍ണറുടെ 'മിടുക്കിയായ അമ്മ' പരാമര്‍ശത്തെ പിന്തുണച്ച് കങ്കണ റണാവത്ത്
നിഷാന. വി.വി
Monday, 13th July 2026, 7:47 am

ഛണ്ഡിഗഢ്: യു.പി ഗവര്‍ണര്‍ ആനന്ദി പട്ടേലിന്റെ സ്ത്രീകള്‍ക്കെതിരായ വിവാദ പ്രസ്താവനയെ പിന്തുണച്ച് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. പരിചരണവും കുട്ടികളെ വളര്‍ത്തലും സ്ത്രീകള്‍ക്ക് സ്വഭാവസഹജമായി ലഭിക്കുന്നതാണെന്നും അതാണ് അവരുടെ ഏറ്റവും വലിയ ശക്തിയെന്നും കങ്കണ പറഞ്ഞു.

ഐ.എ.എസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആകാന്‍ ആഗ്രഹിക്കുന്നതിന് മുമ്പ് സ്ത്രീകള്‍ ഒരു മിടുക്കിയായ അമ്മയാവാന്‍ ശ്രമിക്കണമെന്നായിരുന്നു യു.പി ഗവര്‍ണര്‍ ആനന്ദി പട്ടേലിന്റെ പ്രസ്താവന. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നാലെയാണ് അതിനെ പിന്തുണച്ച് കൊണ്ട് കങ്കണ രംഗത്തെത്തിയിരിക്കുന്നത്.

ഗവര്‍ണറുടെ പ്രസംഗത്തിന്റെ വീഡിയോ എക്‌സ് പോസ്റ്റിലൂടെ പങ്കുവെച്ച് കൊണ്ടായിരുന്നു കങ്കണ പിന്തുണയറിയിച്ചത്. തന്റെ കുട്ടിക്കാലത്ത് സഹോദരന്‍ ക്രിക്കറ്റും ഫുട്‌ബോളും കളിച്ചപ്പോള്‍ താന്‍ പാവവീടുകള്‍ ഉണ്ടാക്കാനും പാവകള്‍ക്ക് വസ്ത്രം തയ്ക്കാനും കളി അടുപ്പുകളില്‍ ഭക്ഷണം പാകം ചെയ്യാനുമാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് കങ്കണ പറഞ്ഞു.

മനുഷ്യരാശിയെ പരിപാലിക്കാനുള്ള ചുമതല ദൈവം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ളതാണെന്നും അതുകൊണ്ടാണ് സ്ത്രീകളെ ദേവി, ശക്തി, അന്നപൂര്‍ണ്ണ, മാതാ എന്നിങ്ങനെ വിളിക്കുന്നതെന്നും കങ്കണ പറഞ്ഞു. സ്‌നേഹിക്കുന്നതും പരിപാലിക്കുന്നതും വളര്‍ത്തുന്നതും ഒരു സന്തോഷമാണെന്നും പെണ്ണിനെ പ്രകൃതിയൊരുക്കിയിരിക്കുന്നത് പരിപാലനത്തിനായാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Raising children is an innate instinct for women: Kangana Ranaut supports UP Governor’s ‘smart mother’ remark.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.