സോളാര്‍ കേസില്‍ ജാതിവാലുള്ള സ്ത്രീകള്‍ പ്രതിയായപ്പോള്‍ അവരുടെ സമുദായ പ്രതിനിധിയെ വിളിച്ചിട്ടുണ്ടോ? രാഹുല്‍ സനല്‍
Kerala
സോളാര്‍ കേസില്‍ ജാതിവാലുള്ള സ്ത്രീകള്‍ പ്രതിയായപ്പോള്‍ അവരുടെ സമുദായ പ്രതിനിധിയെ വിളിച്ചിട്ടുണ്ടോ? രാഹുല്‍ സനല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th August 2025, 6:29 pm

കോഴിക്കോട്: നടന്‍ വിനായകന്‍ പറയുന്ന കാര്യങ്ങള്‍ക്ക് ദളിത് സമൂഹം എങ്ങനെ ഉത്തരവാദിയാകുമെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാഹുല്‍ സനല്‍. വിനായകന്റെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും അദ്ദേഹം മാത്രമാണ് ഉത്തരവാദിയെന്നും രാഹുല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുല്‍ സനലിന്റെ പ്രതികരണം.

എന്തുകൊണ്ടാണ് വിനായകന്റെ ഓരോ വാക്കും പ്രവൃത്തിയും ചര്‍ച്ച ചെയ്യുമ്പോള്‍ അവിടെ അയാളുടെ ജാതി സൂചിപ്പിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് ചര്‍ച്ച ചെയ്ത ഒരു പ്രമുഖ ചാനല്‍, പ്രശ്‌നങ്ങളെല്ലാം ദളിത് സമൂഹത്തിന്റെ മൊത്തമാണെന്ന് വ്യക്തമാക്കാന്‍ ശ്രമിക്കുന്നതായി കണ്ടുവെന്നും രാഹുല്‍ പറഞ്ഞു. തന്റെ സുഹൃത്തായ ഒരു ദളിത് ആക്ടിവിസ്റ്റിനെ ഫോണില്‍ വിളിച്ച് പ്രതികരണമെടുത്തിരുന്നെന്നും രാഹുല്‍ സനല്‍ കൂട്ടിച്ചേര്‍ത്തു.

‘വിനായകനോ അല്ലെങ്കില്‍ മറ്റ് ഏതൊരു വ്യക്തിയോ ഒരു ദളിത് വിഷയം ഉന്നയിക്കുമ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ ദളിത് പ്രതിനിധികളെ വിളിക്കാം. അതില്‍ ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. പക്ഷേ വിനായകന്റെ വ്യക്തിപരമായ പ്രതികരണങ്ങള്‍ക്ക് എങ്ങനെയാണ് അയാളുടെ സമൂഹം ഉത്തരവാദി ആകുന്നത്?,’ രാഹുല്‍ സനല്‍ ചോദിച്ചു.

കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസില്‍ ജാതിവാലുള്ള രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നപ്പോള്‍ ആ വിഷയം ചര്‍ച്ച ചെയ്യാന്‍ അവരുടെ സമുദായ പ്രതിനിധിയെ വിളിച്ചിട്ടുണ്ടോയെന്നും രാഹുല്‍ ചോദ്യമുന്നയിച്ചു.

ഒരു യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ച് വാഹനമോടിച്ച് ഒരു മാധ്യമപ്രവര്‍ത്തകനെ വണ്ടി കയറ്റി കൊന്നപ്പോള്‍ അഗ്രഹാരത്തിലെ ഏതെങ്കിലും പ്രതിനിധിയെ കൊണ്ട് ചാനല്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്നും രാഹുല്‍ സനല്‍ ചോദിച്ചു.

ഇവിടെ  സോളാറും ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വിഷയവും വ്യക്തിപരമായ കുറ്റങ്ങളാകുന്നു. എന്നാൽ വിനായകന്‍ ചെയ്യുമ്പോള്‍ മാത്രമത് അയാളുടെ സമുദായത്തിന്റെ ഉത്തരവാദിത്തം ആകുന്നതാണ് ജാതീയതയുടെ പോളിഷ്ഡ് വേര്‍ഷനെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

വിനായകന്റെ നിലപാടുകളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും രാഹുല്‍ പ്രതികരിച്ചു.

മദ്യപിച്ച് ലക്കുകെട്ട് സ്വന്തം വീടിന്റെ മുകളില്‍ നിന്ന് വിനായകന്‍ പെരുമാറുമ്പോള്‍ അത് ഒളിച്ചുനിന്ന് ചിത്രീകരിച്ച് സോഷ്യല്‍ മീഡയയില്‍ ആരോ പ്രചരിപ്പിച്ചപ്പോഴും വിനായകന്റെ ജാതി ഉള്‍പ്പെടുന്ന സമൂഹത്തിന്റെ പ്രതിനിധിയെ ചാനല്‍ ചര്‍ച്ചയില്‍ വിളിക്കുന്നത് എന്തിനാണെന്നും രാഹുല്‍ ചോദിക്കുന്നു.

Content Highlight: When caste-based women were accused in the solar case, was their community representative called? Rahul Sanal to media