ഷോട്ട് ഭംഗിയില്‍ ആണെങ്കിലും ആ സ്റ്റോറിക്ക് അത്ര ഡെപ്ത്തില്ല: രാഹുല്‍ സദാശിവന്‍
Malayalam Cinema
ഷോട്ട് ഭംഗിയില്‍ ആണെങ്കിലും ആ സ്റ്റോറിക്ക് അത്ര ഡെപ്ത്തില്ല: രാഹുല്‍ സദാശിവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th July 2025, 2:10 pm

കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. റെഡ് റെയിന്‍, ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്. മൂന്നും വളരെ വ്യത്യസ്തമായ സിനിമകളായിരുന്നു.

ഇപ്പോള്‍ സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമകളെ കുറിച്ച് പറയുകയാണ് രാഹുല്‍ സദാശിവന്‍. തന്റെ മൂന്ന് സിനിമകളും താന്‍ എടുത്തത് മൂന്ന് രീതികളിലാണെന്നും ആദ്യ സിനിമ ഒരു വാശിയുടെ പുറത്ത് എടുത്തതാണെന്നും രാഹുല്‍ പറയുന്നു.

പക്ഷേ അന്ന് തനിക്ക് ഓഡിയന്‍സിന്റെ പള്‍സ് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാകണം ആ പടം അത്ര വര്‍ക്കാകാതെ പോയതെന്നും സംവിധായകന്‍ പറഞ്ഞു. പ്രേക്ഷകര്‍ക്ക് നോക്കുമ്പോള്‍ ഷോട്ടൊക്കെ ഭംഗിയില്‍ കാണുമായിരിക്കുമെന്നും എന്നാല്‍ അതിന്റെ സ്റ്റോറിക്ക് അത്ര ഡെപ്‌ത്തൊന്നും ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എന്റെ പടം റീവിസിറ്റ് ചെയ്യാറില്ല. ഒന്ന് കഴിഞ്ഞാല്‍ കഴിഞ്ഞതാണ്. എന്നാല്‍ ഭ്രമയുഗം ഞാന്‍ എന്‍ജോയ് ചെയ്തിരുന്നു. അതേസമയം ഭൂതകാലം ഞാന്‍ റീവിസിറ്റ് ചെയ്യുമോയെന്ന് ചോദിച്ചാല്‍, ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.

ഇത്രയും വര്‍ഷത്തിന്റെ ഇടയില്‍ ഒരു തവണ പോലും ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. ആ സിനിമയെടുത്തു, അതിന് നല്ലൊരു സ്പേസ് ഉണ്ടായി. ബജറ്റ്, കാസ്റ്റിങ് ഇവയിലൊക്കെ വ്യത്യസ്തമായ സിനിമകളാണ് മൂന്നും,’ രാഹുല്‍ സദാശിവന്‍ പറയുന്നു.

2013ലാണ് റെഡ് റെയിന്‍ എന്ന തന്റെ ആദ്യ ചിത്രം രാഹുല്‍ സംവിധാനം ചെയ്യുന്നത്. പിന്നീട് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് രണ്ടാമത്തെ സിനിമയായ ഭൂതകാലം റിലീസിന് എത്തുന്നത്. സോണിലിവില്‍ സ്ട്രീമിങ് ചെയ്ത ഈ ചിത്രത്തിന് ദേശീയ ശ്രദ്ധ നേടാനായി.

2024ലാണ് മൂന്നാമത്തെ സിനിമയായ ഭ്രമയുഗം പുറത്തിറങ്ങിയത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രം ഒരു പീരിയഡ് ഹൊറര്‍ ചിത്രമായിരുന്നു. മമ്മൂട്ടി നായകനായ ഈ സിനിമ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെന്ന നിലയില്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധനേടി.

Content Highlight: Rahul Sadasivan Talks About His Films