ഈ കഥാപാത്രം പ്രണവിന് വേണ്ടി എഴുതിയത്; സൂക്ഷ്മമായ ഭാവാഭിനയങ്ങള്‍ പോലും അയാളെ മനസില്‍ വച്ചാണ് സൃഷ്ടിച്ചത്: രാഹുല്‍ സദാശിവന്
Malayalam Cinema
ഈ കഥാപാത്രം പ്രണവിന് വേണ്ടി എഴുതിയത്; സൂക്ഷ്മമായ ഭാവാഭിനയങ്ങള്‍ പോലും അയാളെ മനസില്‍ വച്ചാണ് സൃഷ്ടിച്ചത്: രാഹുല്‍ സദാശിവന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd November 2025, 9:06 am

ഡീയസ് ഈറെയിലെ കഥാപാത്രം പ്രണവ് മോഹന്‍ലാലിന് വേണ്ടി എഴുതിയതാണെന്ന് സംവിധാകന്‍ രാഹുല്‍ സദാശിവന്. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന് ഒരുക്കിയ ഡീയസ് ഈറെ തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. റിലീസായ ആദ്യ ദിവസം തന്നെ സിനിമ ആഗോളതലത്തില്‍ 10 കോടിയോളം സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡീയസ് ഈറെയിലേക്ക് പ്രണവിനെ തെരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് രാഹുല്‍ സദാശിവന്. ടെയ്‌ലര്‍ മെയ്ഡ് എന്ന് പറയുന്നത് പോലെ ഡീയസ് ഇറെ പ്രണവിന് വേണ്ടി എഴുതിയതാണെന്ന് അദ്ദേഹം പറയുന്നു.

സൂക്ഷ്മമായ ഭാവാഭിനയങ്ങള്‍ പോലും പ്രണവിനെ മനസില്‍ വച്ചാണ് സൃഷ്ടിച്ചതെന്നും അതുകൊണ്ട് തന്നെ പ്രണവിന് ആ കഥാപാത്രത്തില്‍ നന്നായി തിളങ്ങാന്‍ കഴിയുമെന്നും രാഹുല്‍ സദാശിവന് പറയുന്നു. സ്‌ക്രീനില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് അതു കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ രണ്ട് ലുക്കിലാണ് പ്രണവ് എത്തുന്നത്. മുടി ക്രോപ് ചെയ്ത ലുക്കും സാധാരണ ലുക്കും. ഈ സിനിമയുടെ ടെക്‌നിക്കല്‍ ടീമും എനിക്ക് വളരെ പ്രധാനമാണ്. ക്യാമറമാന്‍ ഷഹനാദ് ജലാലുമായി എന്റെ മൂന്നാമത്തെ ചിത്രമാണ്. എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയുമായും മൂന്നാമത്തെ ചിത്രമാണ്. സംഗീതസംവിധായകന്‍ ക്രിസ്റ്റോയുമായി സഹകരിക്കുന്നത് രണ്ടാം തവണയാണ്,’ രാഹുല്‍ സദാശിവന് പറയുന്നു.

കാര്യങ്ങള്‍ പരസ്പരം സംവദിക്കുന്നതിന് പരസ്പരമുള്ള പരിചയവും സൗഹൃദവും സഹായിക്കുമെന്നും ഇതൊരു ടീം വര്‍ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറയുന്ന കാര്യങ്ങള്‍ അതേ മീറ്ററില്‍ മനസിലാക്കുമ്പോള്‍ അവര്‍ക്കും കൃത്യമായി അത് നല്‍കാന്‍ കഴിയുമെന്നും അതിന് ശരിയായ സാങ്കേതിക പ്രവര്‍ത്തകരെ വേണമെന്നും രാഹുല്‍ സദാശിവന് പറഞ്ഞു.

Content highlight: Rahul Sadasivan says that the character in Dies Irae was written for Pranav Mohanlal