അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെ സംഗീതസംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് രാഹുല്‍ രാജ്. ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട രാഹുല്‍ രാജ് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. 2009ല്‍ റിലീസായ ഋതു എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിന് സംസ്ഥാന അവാര്‍ഡും രാഹുല്‍ രാജ് സ്വന്തമാക്കി.
തോമസ് സെബാസ്റ്റ്യന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തി 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മായാബസാര്‍. രാഹുല്‍ രാജായിരുന്നു ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരുന്നത്. ഇപ്പോള്‍ സിനിമയിലെ മിഴിയില്‍ മിഴിയില്‍ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
മായ ബസാറിലെ ‘മിഴിയില്‍ മിഴിയില്‍’ എന്ന ഗാനം അന്ന് അത്ര വര്‍ക്കായിരുന്നില്ലെന്നും ആ സിനിമയും അന്ന് പ്രേക്ഷകര്‍ക്ക് അത്ര വര്‍ക്കായിട്ടില്ലെന്നും രാഹുല്‍ രാജ് പറയുന്നു. എന്നാല്‍ ഒരു സംഗീത സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് ആ പാട്ടില്‍ സംതൃപ്തിയുണ്ടായിരുന്നുവെന്നും പാട്ടിന്റെ ബീറ്റിലും മറ്റ് ടെക്‌നിക്കലായ എല്ലാ കാര്യത്തിലും താന്‍ ഓക്കെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ പാട്ട് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും രാഹുല്‍ രാജ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മായ ബസാര്‍ എന്ന പടത്തിലെ പാട്ടുകള്‍, ‘മിഴിയില്‍ മിഴിയില്‍’ എന്ന പാട്ട് ആ ടൈമില്‍ വര്‍ക്കാവില്ലാ എന്ന് വിചാരിച്ചതാണ്. ആ സമയത്ത് ആ സിനിമ അങ്ങോട്ട് വര്‍ക്കായില്ല. അങ്ങനെ ആ പാട്ടും സിനിമയും എല്ലാംകൂടെ ഒരുമിച്ച് വിദൂരതയിലേക്ക് ഒരു കപ്പല്‍ പോകുന്നത് പോലെ അങ്ങ് പോയി.
ഒരു മ്യുസിഷന്‍ എന്ന നിലയില്‍ ഞാന്‍ ആ പാട്ടില്‍ സാറ്റിസ്‌ഫൈഡായിരുന്നു. അതിലെ കുറെ കണ്ടന്റുകളാണെങ്കിലും ബിറ്റുകളാണെങ്കിലും അതുപോലെ ആ റിഥം, ഇന്‍സ്ട്രുമെന്റേഷന്‍ എല്ലാത്തിലും ഞാന്‍ ഒക്കെയായിരുന്നു. ഇപ്പോള്‍ ആ പാട്ട് വീണ്ടും ശ്രദ്ധിക്കപ്പെടുന്നതില്‍ എനിക്ക് നല്ല സന്തോഷമുണ്ട്,’രാഹുല്‍ രാജ് പറയുന്നു.
Content Highlight: Rahul raj about songs from movie Mayabazar