തിരുവനന്തപുരം: വയനാട് പണപ്പിരിവ് വിവാദത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍.
തന്നെ സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. വീട് നിര്‍മാണത്തിനായി പണം സമാഹരിച്ച് വീടിന്റെ പണി പാതിവഴിയില്‍ അവസാനിപ്പിച്ചെന്നായിരുന്നു പരാതി. കോലഞ്ചേരി സ്വദേശി ടി.ആര്‍. ലക്ഷ്മിയാണ് പരാതി നല്‍കിയത്.
മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 30 പേര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സ്പോണ്‍സെര്‍ഷിപ്പ് വഴി 2.80 കോടി രൂപ സമാഹരിച്ചിരുന്നു. ഇതിനുപുറമെ ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം സമാഹരിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമുണ്ടായിരുന്നു.
ഇതുപ്രകാരം എകദേശം 88 ലക്ഷത്തോളം രൂപ സമാഹരിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. പക്ഷെ വീടിന്റെ പണി പൂര്‍ത്തിയാക്കിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ സാമ്പത്തിക ദുരുപയോഗത്തില്‍ അന്വേഷണം വേണമെന്നും വ്യക്തിപമായ ആവശ്യങ്ങള്‍ക്കായി ഈ പണം ഉപയോഗിച്ചെന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സുതാര്യമായാണ് സാമ്പത്തിക സമാഹരണം നടന്നിരിക്കുന്നതെന്നും പിരിച്ച പണം മുക്കിയെന്ന് തെളിയിച്ചാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം രാജിവെക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഒരു രൂപ പോലും ബാങ്കിൽ നിന്ന് പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാരിനോട് സ്ഥലം ആവശ്യപ്പെട്ടിരുന്നതായും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പുനരധിവാസത്തിനായി രണ്ടര ഏക്കര്‍ ഭൂമി യൂത്ത് കോണ്‍ഗ്രസ് കണ്ടെത്തിയിരുന്നു. പാലക്കാട് സ്വദേശികളുടെ ഭൂമിയായിരുന്നു അത്. അവര്‍ മുന്നോട്ടുവെച്ച ഒരു നിര്‍ദേശമെന്നത് മരിച്ചുപോയ അവരുടെ അമ്മയുടെ പേരില്‍ ഈ ഭൂമിയില്‍ ഒരു കവാടം ഉണ്ടാക്കണമെന്നാണ്. അത് തങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ ഭൂമി ദുരന്തമുഖത്ത് നിന്ന് ഒരുപാട് ദൂരെയാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനോട് ഭൂമി ആവശ്യപ്പെട്ടതെന്നും പക്ഷെ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.