കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതികള്‍ കെട്ടിച്ചമച്ചതാണെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുസമൂഹം അത്തരം വാദങ്ങള്‍ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായിയിലെ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരാതി രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണത്തെ മുഖ്യമന്ത്രി ചിരിച്ചു തള്ളുകയും ചെയ്തു. രണ്ടാമത്തെ പരാതി നല്‍കിയത് കെ.പി.സി.സി. പ്രസിഡന്റ് തന്നെയല്ലേയെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
കൊന്നുതള്ളുമെന്ന ഭീഷണി കാരണമാണ് പരാതിക്കാരികള്‍ മുന്നോട്ട് വരാത്തതെന്നും ഇരയായ പെണ്‍കുട്ടികള്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുപറയാന്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പരാതിയുമായി മുന്നോട്ട് പോയാല്‍ ജീവന്‍ അപകടത്തിലാകുമെന്നാണ് ഭയം. അത്തരമൊരു അവസ്ഥ എങ്ങനെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘സ്ത്രീലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നത്. വന്ന തെളിവുകളും ഇരയായ ആളുകളും പ്രകടിപ്പിച്ച ആശങ്കളും പരിശോധിച്ചാല്‍ എന്താണ് വ്യക്തമാകുന്നത്. ഇത്രനാളും ആരും തെളിവുമായി എന്താണ് മുന്നോട്ട് വരാതിരുന്നത്. അക്കാര്യങ്ങള്‍ ഗൗരവമായി കാണണം. വെറും ഭീഷണിയല്ല, നിങ്ങളെ കൊന്നുതള്ളുമെന്നാണ് ഉയര്‍ത്തിയ ഭീഷണി.
അതുകൊണ്ട് ഇരയായ പെണ്‍കുട്ടികള്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുപറയാന്‍ ഭയപ്പെടുകയാണ്. അതുമായി ബന്ധപ്പെട്ട് മറ്റ് നടപടികളുമായി പോയാല്‍ ജീവന്‍ അപകടത്തിലാകുമെന്നാണ് ഭയം,’ മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരമൊരു അവസ്ഥ എങ്ങനെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വരുന്നതെന്നാണ് ആലോചിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇതിനേക്കാള്‍ വലിയ പരാതികളും വരും ദിവസങ്ങളില്‍ വന്നേക്കാമെന്നുള്ള സൂചനയും മുഖ്യമന്ത്രി പങ്കിട്ടു.
ഇത്തരത്തിലുള്ള ഒരു ക്രിമിനല്‍ സംഘം, ലൈംഗിക വൈകൃത കുറ്റവാളികള്‍ അവര്‍ നാടിന് മുന്നില്‍ വന്ന് വെല്‍ ഡ്രാഫ്റ്റഡ് എന്നൊക്കെ ന്യായീകരിച്ചാല്‍ പൊതു സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നേരത്തെ കെ.പി.സി.സി പ്രസിഡന്റ് രാഹുലിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസുമായി ഹൈക്കോടതിയിലേക്ക് പോകുമെന്ന് അദ്ദേഹം അറിയിച്ചു.
Content Highlight: Rahul Mamkootathil Case: CM Pinarayi Vijayan Against KPCC President