മുതിര്‍ന്ന നേതാക്കളെ ഗാന്ധി കുടുംബം ഭരിക്കുന്നു എന്ന ആരോപണം അപമാനകരം, അദാനിക്ക് വേണ്ടി നിയമം മാറ്റിയാല്‍ ഗെലോട്ടിനെ വിമര്‍ശിക്കും: രാഹുല്‍ ഗാന്ധി
national news
മുതിര്‍ന്ന നേതാക്കളെ ഗാന്ധി കുടുംബം ഭരിക്കുന്നു എന്ന ആരോപണം അപമാനകരം, അദാനിക്ക് വേണ്ടി നിയമം മാറ്റിയാല്‍ ഗെലോട്ടിനെ വിമര്‍ശിക്കും: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th October 2022, 3:18 pm

ബെംഗളൂരു: മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഗാന്ധി കുടുംബം നിയന്ത്രിക്കുമെന്ന് പറയുന്നത് അപമാനകരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘തരൂരും ഖാര്‍ഗെയും അനുഭവ സമ്പത്തുള്ള നേതാക്കളാണ്. അവരെ നിയന്ത്രിക്കാന്‍ സാധിക്കില്ല. അങ്ങനെ നിയന്ത്രിക്കുമെന്ന് പറയുന്നത് അവര്‍ക്ക് അപമാനമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

താന്‍ എന്തുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. എന്തുകൊണ്ട് മത്സരിക്കുന്നില്ല എന്നത് 2019ലെ തന്റെ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ കോര്‍പ്പറേറ്റുകള്‍ക്കോ ബിസിനസുകള്‍ക്കോ എതിരല്ലെന്നും ബിസിനസുകളുടെ കുത്തകവത്ക്കരണത്തോടാണ് എതിര്‍പ്പെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗൗതം അദാനിയെ ഭായ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്‍വെസ്റ്റ് രാജസ്ഥാന്‍ ഉച്ചകോടിയില്‍ വെച്ചായിരുന്നു ഗെലോട്ട് അദാനിയെ പുകഴ്ത്തി രംഗത്തെത്തിയത്. ലോകത്തെ രണ്ടാമത്തെ സമ്പന്നനായതില്‍ ഗൗതം അദാനിയെ ഗെലോട്ട് പ്രശംസിക്കുകയും ചെയ്തിരുന്നു.

ലോകത്തിലെ സമ്പന്നരില്‍ രണ്ടാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനാണെന്ന് ഭാരത് ജോഡ് യാത്രയ്ക്കിടെ മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നതിന് തൊട്ടുമുന്‍പാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗൗതം അദാനിക്ക് സ്വീകരണം നല്‍കിയത്.

രാജസ്ഥാനില്‍ ഏഴ് വര്‍ഷത്തിനകം 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും നേരിട്ടും അല്ലാതെയും 40,000 പേര്‍ക്ക് ജോലി നല്‍കുമെന്നും രാജസ്ഥാന്‍ നിക്ഷേപക ഉച്ചകോടിയില്‍ അദാനി പ്രഖ്യാപിച്ചു. ക്രിക്കറ്റ് സ്റ്റേഡിയവും മെഡിക്കല്‍ കോളേജും വാഗ്ദാനം ചെയ്തു. രാജസ്ഥാനില്‍ 35,000 കോടി രൂപയുടെ നിക്ഷേപം അദാനി ഗ്രൂപ് നടത്തിയിട്ടുണ്ടെന്നും ഗൗതം അദാനി പറഞ്ഞു.

എന്നാല്‍ ഇതേ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി എന്ന നിലക്ക് ഗെലോട്ടിനെ കുറ്റം പറയാനാകില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഒരു സംസ്ഥാനത്ത് 60,000 കോടിയുടെ നിക്ഷേപം വേണ്ടെന്ന് പറയാന്‍ ഒരു മുഖ്യമന്ത്രിക്കും കഴിയില്ല. അദാനിയെ പിന്തുണയ്ക്കാന്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ മാത്രമേ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ എതിര്‍ക്കുകയുള്ളൂ, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെന്ന് കോണ്‍ഗ്രസ് സ്ഥിരമായി വിമര്‍ശിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ഗൗതം അദാനി.

Content Highlight: Rahul gandhi says statement that says congress is remmote controlling tharoor and kharge is an insult