തരംഗമാകാതെ രാഹുല്‍ ഗാന്ധിയും വോട്ട് ചോരിയും; വോട്ടര്‍ അധികാര്‍ യാത്ര കടന്നുപോയ ഒരു മണ്ഡലത്തില്‍ പോലും നേട്ടമുണ്ടാക്കാനായില്ല
India
തരംഗമാകാതെ രാഹുല്‍ ഗാന്ധിയും വോട്ട് ചോരിയും; വോട്ടര്‍ അധികാര്‍ യാത്ര കടന്നുപോയ ഒരു മണ്ഡലത്തില്‍ പോലും നേട്ടമുണ്ടാക്കാനായില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th November 2025, 5:57 pm

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. വോട്ട് ചോരി ആരോപണങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ച വെളിപ്പെടുത്തലുകളിലൂടെ വാര്‍ത്തകളിലിടം പിടിച്ചെങ്കിലും ജനങ്ങളുടെ ഹൃദയത്തിലിടം പിടിക്കാന്‍ കോണ്‍ഗ്രസിനായില്ലെന്ന് വോട്ട് നില തുറന്നുകാണിക്കുന്നു.

ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ പ്രത്യേക തീവ്ര പരിഷ്‌കരണം നടപ്പാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി വോട്ട് ചോരി ആരോപണം ഉന്നയിക്കുകയും, ആര്‍.ജെ.ഡിയോടൊപ്പം ചേര്‍ന്ന് ബീഹാറില്‍ വോട്ടര്‍ അധികാര്‍ യാത്ര സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ യാത്രയിലൂടെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നാണ് വോട്ടെടുപ്പ് ഫലം തെളിയിക്കുന്നത്.

വോട്ടര്‍ അധികാര്‍ യാത്ര കടന്നുപോയ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. ഓഗസ്റ്റ് 17ന് സസാറാമില്‍ നിന്ന് തുടങ്ങിയ യാത്ര പാട്‌നയിലാണ് അവസാനിച്ചത്. ഇതിനിടെ ബീഹാറിലെ 25 ജില്ലകളിലായി 110 മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോയി.

രാഹുലും തേജസ്വി യാദവും നയിച്ച വോട്ടര്‍ അധികാര്‍ യാത്ര 1300ലേറെ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചിരുന്നു. ഈ യാത്രാ പാതയിലെ ഒരു മണ്ഡലവും വോട്ടെടുപ്പില്‍ കോണ്‍ഗ്രസിനെ തുണച്ചില്ല.

ബീഹാറില്‍ 61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് കിഷന്‍ ഗഞ്ച് മണ്ഡലത്തില്‍ വിജയിക്കുകയും വാല്‍മീകി നഗര്‍, ചന്‍പാട്യ, അരാരിയ, മണിഹാരി എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്.

അതേസമയം, മുമ്പ് നടത്തിയ യാത്രകള്‍ കോണ്‍ഗ്രസിന് നേട്ടങ്ങള്‍ സമ്മാനിച്ച സാഹചര്യത്തില്‍, വോട്ടര്‍ അധികാര്‍ യാത്ര തിരിച്ചടിയായത് പാര്‍ട്ടിക്ക് വലിയ നിരാശയായിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി മുമ്പ് ഭാരത് ജോഡോ യാത്രകള്‍ നടത്തി ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റുകയും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു.

ആദ്യത്തെ ഭാരത് ജോഡോ യാത്ര 2023ലെ തെലങ്കാന തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനമാണുണ്ടാക്കിയത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിനെ സഹായിച്ചത് ഈ യാത്രയായിരുന്നു. പിന്നീട് നടത്തിയ പാന്‍ ഇന്ത്യന്‍ ഭാരത് ജോഡോ യാത്ര ലോക്‌സഭാ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിയെ സഹായിച്ചിരുന്നു.

സമാനമായി ബീഹാറില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്ര പാര്‍ട്ടിയെ സഹായിക്കുമെന്നും രാഹുല്‍ ഗാന്ധിക്ക് ജനങ്ങള്‍ നല്‍കിയ സ്വീകരണം വോട്ടായി മാറുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ബീഹാര്‍ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ തന്നെ സ്ഥാനം ലഭിക്കാതെ പോയതോടെ ഈ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി മാജിക് യാഥാര്‍ത്ഥ്യമായില്ലെന്നാണ് ബീഹാറിലെ കോണ്‍ഗ്രസിന്റെ തിരിച്ചടിയെ ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

അതേസമയം, ബീഹാറില്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യം മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം ബി.ജെ.പി 92 സീറ്റിലും ജെ.ഡി.യു 83 സീറ്റിലും ലീഡ് ചെയ്യുമ്പോള്‍ എല്‍.ജെ.പി 19 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

കഴിഞ്ഞതവണ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആര്‍.ജെ.ഡി 26 സീറ്റിലും കോണ്‍ഗ്രസ് 5 സീറ്റിലും മാത്രമാണ് ലീഡ് ചെയ്യുന്നത്.

Content Highlight: Rahul Gandhi’s Voter Adhikar Yatra could not make a single gain in a single constituency where he had gone through the Yatra