പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പ്രചരണതന്ത്രവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ അടങ്ങിയ സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്തുകൊണ്ട് സ്ത്രീകളുടെ വോട്ടുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുവാനുള്ള പുതിയ പദ്ധതിക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചു.
ആര്‍ത്തവ ശുചിത്വ അവബോധം വളര്‍ത്തുക എന്നതാണ് പ്രിയദര്‍ശിനി ഉഡാന്‍ യോജന എന്ന് പേരിട്ടിരിക്കുന്ന പുതിയ സംരംഭത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്.
ആര്‍ത്തവ ആരോഗ്യം സംരക്ഷിക്കുക, സാമൂഹിക വിലക്കുകള്‍ ലംഘിക്കുക, ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ അവബോധം വളര്‍ത്തുക എന്നിവയാണ് പ്രിയദര്‍ശിനി ഉഡാന്‍ യോജനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍.
‘ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുന്ന മായ് ബഹിന്‍ സമ്മാന്‍ യോജന പ്രകാരം പ്രതിമാസം 2,500 രൂപ സ്‌റ്റൈപ്പന്റ് നല്‍കുമെന്ന വാഗ്ദാനവുമായി ബന്ധമുള്ളതാണ് ഈ സാനിറ്ററി പാഡ് ഡ്രൈവ്. ഇത് വഴി സൗജന്യ സാനിറ്ററി നാപ്കിനുകള്‍ നല്‍കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു’, സൗജന്യ പാഡുകള്‍ അടങ്ങിയ പാക്കറ്റുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ബീഹാര്‍ കോണ്‍ഗ്രസ് മേധാവി രാജേഷ് കുമാര്‍ പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ചിത്രം സാനിറ്ററി പാഡില്‍ പതിച്ച് ബീഹാറിലെ സ്ത്രീകളെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കോണ്‍ഗ്രസ് ഒരു സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്നും ബീഹാറിലെ സ്ത്രീകള്‍ കോണ്‍ഗ്രസിനെയും ആര്‍.ജെ.ഡിയെയും ഒരു പാഠം പഠിപ്പിക്കുമെന്നും ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
അക്ഷയ്കുമാര്‍ നായകനായെത്തിയ പാഡ്മാന്‍ എന്ന ഹിന്ദി ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാനിറ്ററി പാഡിന്റെ പാക്കറ്റിന് മുകളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയത്.
Content Highlight: Rahul Gandhi’s picture on sanitary pad packets in Bihar