ന്യൂദല്‍ഹി: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ അടുത്തയാഴ്ച മുംബൈയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അവിടെ എന്താണ് നടക്കുന്നതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

അടുത്ത ആഴ്ച മുംബൈയില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഡോ. എസ്. ജയശങ്കര്‍ അവിടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയിലെ യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ പറഞ്ഞിരുന്നു.ഇതിനെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കണമെന്നും പറഞ്ഞു.

അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്നും അവിടെ ഗുജറാത്തിലെ ജാംനഗറിലെ റിലയന്‍സ് യൂണിറ്റ് സന്ദര്‍ശിക്കുമെന്നും പിന്നീട് മുംബൈയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും മാര്‍കോ റൂബിയോ അറിയിച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.

‘റൂബിയോ തന്റെ ജീവനക്കാരനെ മുംബൈയിലേക്ക് വിളിപ്പിച്ചു. മോദിജി, വിദേശകാര്യ മന്ത്രാലയത്തിലെ നിങ്ങളുടെ ഉദ്യോഗസ്ഥര്‍ എന്താണ് സംഭവിക്കുന്നതെന്ന് ആശയക്കുഴപ്പത്തിലാണ്. നിങ്ങളിതിന് വിശദീകരണം നല്‍കുന്നത് നന്നായിരിക്കും. ഇനി ഞാന്‍ തന്നെ വിശദീകരിച്ച് തരണമെന്നാണെങ്കില്‍ അങ്ങനെയുമാകാം’, രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് സര്‍ക്കാരോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റൂബിയോയുടെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് കോണ്‍ഗ്രസ് വ്യാഴാഴ്ച മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ‘കൂടിക്കാഴ്ചയെ’ക്കുറിച്ച് വിദേശകാര്യ മന്ത്രാലയം നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.

റൂബിയോയുടെ മുംബൈ സന്ദര്‍ശനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നല്‍കിയതില്‍ അതിശയിക്കാനില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

‘മുബൈയില്‍ റൂബിയോ ഇന്ത്യാ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം പറയുന്നത് ആശ്ചര്യകരമല്ല. പക്ഷേ, ‘ഡോ. ജയശങ്കര്‍ മറ്റുള്ളവരുടെ കൂടെ ഞങ്ങളോടൊപ്പം ചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വളരെ അസാധാരണമാണ്,’ രമേശ് പറഞ്ഞു.

രാജ്യത്തിനകത്ത് നടക്കുന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചകളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഒദ്യോഗിക വക്താവിനുപകരം മറ്റൊരാളെ ഏല്‍പ്പിക്കുന്ന രീതി എന്നാണ് ആരംഭിച്ചതെന്ന് ജയറാം രമേശ് ചോദിച്ചു.

‘2025 മേയ് 10ന് വൈകുന്നേരം ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ചതായി മാര്‍ക്കോ റൂബിയോയില്‍നിന്ന് ആദ്യം അറിഞ്ഞതുപോലെ, ഇപ്പോള്‍ വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയെക്കുറിച്ചും ഇന്ത്യ അറിയുന്നത് അമേരിക്കന്‍ അംബാസഡറില്‍നിന്നാണ്.

മുംബൈയില്‍ മാര്‍ക്കോ റൂബിയോയുമായുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ കൂടിക്കാഴ്ചയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?’, ജയറാം രമേശ് ചോദിച്ചു.

ബ്ലൂംബെര്‍ഗ് ന്യൂ എക്കണോമി ഫോറത്തില്‍ നടന്ന ഇന്ററാക്ടീവ് സെഷനിലാണ് റൂബിയോ മുംബൈയിലെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും ‘മന്ത്രി ഡോ. എസ്. ജയശങ്കറും ദില്ലിയില്‍ നിന്നുള്ള മറ്റ് വ്യക്തികളോടൊപ്പം ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’വെന്നും ഗോര്‍ പറഞ്ഞത്.

ഒക്ടോബര്‍ 17 മുതല്‍ 22 വരെ ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡ് സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും ഗുജറാത്തിലെ ജാംനഗറിലേക്കും മുംബൈയിലേക്കും റൂബിയോ പോകുന്നത്.

Content Highlight: Rahul Gandhi questions government over Rubio’s proposed meeting with Indian officials.