പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബാങ്കയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
‘ദല്‍ഹിയില്‍ വോട്ട് ചെയ്ത പല ബി.ജെ.പി നേതാക്കളും ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ഇവിടെയും വോട്ട് ചെയ്തതായി ഞാന്‍ അറിഞ്ഞു,’ആരുടെയും പേര് പരാമര്‍ശിക്കാതെ രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചു.
‘ഹരിയാനയിലെ രണ്ട് കോടി വോട്ടര്‍മാരില്‍ 29 ലക്ഷം പേരും വ്യാജന്‍മാരാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന എന്നിവിടങ്ങളില്‍ വോട്ട് ചോരി നടന്നിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഇത് ബിഹാറിലും ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ്.
എന്നാല്‍ ബിഹാറിലെ ജനത തങ്ങളുടെ സംസ്ഥാനത്ത് ഇത്തരമൊരു തട്ടിപ്പ് നടത്താന്‍ അനുവദിക്കില്ല എന്ന് എനിക്കുറപ്പുണ്ട്,’ രാഹുല്‍ പറഞ്ഞു.
ബി.ജെ.പിയാണ് ടി.വി അടക്കമുള്ള മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ മുഖം എല്ലായ്‌പ്പോഴും ടി.വിയില്‍ കാണിക്കുന്നതിനായി ബി.ജെ.പി ചാനലുകള്‍ക്ക് പണം നല്‍കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.
‘മാധ്യമങ്ങളെല്ലാം ബി.ജെ.പിയുടെ നിയന്ത്രണത്തിലാണ്. ഞങ്ങള്‍ പറയുന്ന കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും, എന്നാല്‍ അതൊന്നും തന്നെ ടി.വിയില്‍ കാണില്ല.
നരേന്ദ്ര മോദിയും അമിത് ഷായും ഇലക്ഷന്‍ കമ്മീഷനും ചേര്‍ന്ന് ഹരിയാന തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. ഇതിനുള്ള തെളിവുകള്‍ ബ്ലാക് ആന്‍ഡ് വൈറ്റായി ഞങ്ങളുടെ പക്കലുണ്ട്.
ഹരിയാന ഗവണ്‍മെന്റ് ‘ചോരി കി സര്‍ക്കാര്‍’ ആണെന്ന് പൂര്‍ണ ആത്മവിശ്വാസത്തോടെ പറയാന്‍ എനിക്ക് സാധിക്കും,’ രാഹുല്‍ ഗാന്ധിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
64.46 ശതമാനം പോളിങ്ങാണ് കഴിഞ്ഞ ദിവസം നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഒന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയതിനേക്കാളും പോളിങ് ശതമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.
ആകെയുള്ള 243 മണ്ഡലങ്ങളില്‍ 121 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ വിധിയെഴുതിയത്. നവംബര്‍ 11നാണ് ശേഷിക്കുന്ന 122 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ്. നവംബര്‍ 14ന് ഫലം പ്രഖ്യാപിക്കും.
Content Highlight: Rahul Gandhi has alleged serious irregularities in the first phase of voting in Bihar elections.