ന്യൂദല്‍ഹി: ലോക്‌സഭയില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ (എസ്.ഐ.ആര്‍) നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ തീവ്രമായ വാക്‌പോര് നടന്നു. അമിത് ഷായുടെ പ്രസംഗത്തിന് തടസം സൃഷ്ടിച്ച് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ സംവാദത്തിന് വെല്ലുവിളിച്ചതും ശ്രദ്ധേയമായി.
‘ഞാന്‍ നടത്തിയ കഴിഞ്ഞ മൂന്ന് പത്രസമ്മേളനങ്ങളെ കുറിച്ച് ചര്‍ച്ച നടത്താന്‍ നിങ്ങളെ വെല്ലിവിളിക്കുകയാണ്,’ രാഹുല്‍ അമിത് ഷായോട് പറഞ്ഞു. ഇതോടെ വാക് തര്‍ക്കം രൂക്ഷമായെങ്കിലും വെല്ലുവിളി ഏറ്റെടുക്കാതെ കേന്ദ്രമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.
തനിക്ക് ഒരുപാട് കാലത്തെ അനുഭവസമ്പത്തുണ്ട്. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി തനിക്ക് അനുയോജ്യമായ രീതിയില്‍ രൂപപ്പെടുത്തിയ പ്രസംഗത്തില്‍ മാറ്റം വരുത്തില്ല. പ്രസ്താവനകളുടെ ക്രമം മാറ്റുകയോ ചെയ്യില്ല. ക്ഷമയോടെ കാത്തിരുന്നാല്‍ ഓരോ ചോദ്യത്തിനും മറുപടി നല്‍കാമെന്നായിരുന്നു അമിത് ഷായുടെ മറുപടി.
രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും കേന്ദ്രം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പ്, വിദ്യാഭ്യാസം, രഹസ്യാന്വേഷണ ഏജന്‍സികള്‍, സി.ബി.ഐ, ഇ.ഡി, ആദായനികുതി വകുപ്പ് തുടങ്ങിയ എല്ലാ സ്ഥാപനങ്ങളെയും പൊളിച്ചടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു.
തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനായി അധികാരത്തിലുള്ളവരുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരെ ഒത്തുകളിക്കുന്നു എന്നതിനുള്ള തെളിവുകള്‍ താന്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാല്‍, വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളും അമിത് ഷാ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, എസ്.ഐ.ആര്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനെ തുടക്കം മുതല്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, വന്ദേമാതരം ചര്‍ച്ചയ്ക്ക് പിന്നാലെ എസ്.ഐ.ആര്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ശക്തമായി വാദിക്കുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചതും. എസ്.ഐ.ആര്‍ ചര്‍ച്ചകള്‍ക്കായി ലോക്‌സഭയും രാജ്യസഭയും 10 മണിക്കൂര്‍ നീക്കിവെക്കും.
നേരത്തെ, വോട്ട് ചോരി ആരോപണങ്ങള്‍ ഉന്നയിച്ചതിനെ രാഹുല്‍ വിശേഷിപ്പിച്ചത് നവംബര്‍ അഞ്ചിന് നടത്തിയ പത്രസമ്മേളനത്തില്‍ താനൊരു ആറ്റം ബോബ് വര്‍ഷിച്ചുവെന്നായിരുന്നു. ഹരിയാനയിലെ ഒരു വീട്ടില്‍ 501 വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെളിവുകള്‍ സഹിതം രാഹുല്‍ വിശദീകരിച്ചിരുന്നു.
Content Highlight: Rahul Gandhi Challenges Amit Shah at Lok Sabha