ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനത്തേക്ക് ബ്രെണ്ടന്‍ മെക്കല്ലത്തിന്റെ പകരക്കാരനായി ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍ ആന്‍ഡി ഫ്‌ലവര്‍, മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ റിച്ചാര്‍ഡ് ഡോസണ്‍ എന്നിവരോടൊപ്പം ദ്രാവിഡിന്റെ പേരും സാധ്യത പട്ടികയിലുണ്ട്. ഡെയിലി ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ പരിശീലകനായ മികവാണ് ദ്രാവിഡിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം. 2024ല്‍ ഇന്ത്യയെ ടി – 20 ലോകകപ്പ് കിരീടത്തിലേക്ക് നായിരിച്ചിരുന്നു. കൂടാതെ, ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ 2023ല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിക്കുകയും ചെയ്തിരുന്നു. അതേസമയം, ദ്രാവിഡിന് മുഴുവന്‍ സമയ പരിശീലകനാവാന്‍ താത്പ്പര്യമില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.

‘മുഴുവന്‍ സമയ പരിശീലകനാകാന്‍ ദ്രാവിഡിന് താത്പ്പര്യമില്ല. എന്നാല്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം അദ്ദേഹത്തിന് വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരവും തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് ഫോര്‍മാറ്റിനെ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കാനുള്ള അവസരവും നല്‍കും.

കുറഞ്ഞപക്ഷം, ഈ കാര്യത്തില്‍ അദ്ദേഹത്തിന്റെ താത്പ്പര്യം എത്രത്തോളമുണ്ടെന്ന് ഇംഗ്ലണ്ട് ചോദിച്ചറിയേണ്ടതുണ്ട്,’ ഡെയിലി ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ ന്യൂസിലാന്‍ഡ് താരം മക്കെല്ലത്തെ കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ടെസ്റ്റ് പരിശീലക സ്ഥാനത്ത് നീക്കം ചെയ്തത്. ന്യൂസിലാന്‍ഡിനെതിരായ പരമ്പര 2 – 1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് പരിശീലക സ്ഥാനത്ത് നിന്ന് അദ്ദേഹത്തിന്റെ പുറത്താകല്‍.

2022ലാണ് മക്കെല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ബാസ് ബോളിലൂടെ ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ അദ്ദേഹം മാറ്റിമറിച്ചിരുന്നു. എന്നാല്‍, ഈ ശൈലി തുടക്കത്തില്‍ നല്‍കിയ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കാത്തതോടെയാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഥാനം ഒഴിയുന്നത്. അതേസമയം, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മക്കെല്ലം തന്നെ പരിശീലകനായി തുടരും.

Content Highlight: Rahul Dravid emerges as contender for England’s next test head coach: Report