മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായ അദ്ദേഹം വളരെ പെട്ടെന്നായിരുന്നു അന്നത്തെ യുവതി യുവാക്കളുടെ ഹരമായി മാറിയത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ റഹ്‌മാന് കഴിഞ്ഞിരുന്നു. മലയാള സിനിമയില്‍ ഇപ്പോഴുള്ള ഏതെങ്കിലും നടനെ കണ്ടിട്ട് സ്വന്തം കരിയറിലെ തുടക്കകാലം ഓര്‍മ വരാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് റഹ്‌മാന്‍.
നടന്‍ നസ്‌ലെനെ കാണുമ്പോള്‍ തന്റെ പഴയ കാര്യങ്ങളൊക്കെ ഓര്‍മ വരാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ തുടക്ക കാലത്ത് ചെയ്തിരുന്ന കഥാപാത്രങ്ങള്‍ കുറേയൊക്കെ നസ്‌ലെന്‍ ചെയ്യുന്ന വേഷങ്ങള്‍ പോലെ തന്നെയാണെന്നും നടന്‍ പറയുന്നു. ഞാന്‍ വിടമാട്ടൈ ബൈ കീര്‍ത്തി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു റഹ്‌മാന്‍.
‘നസ്‌ലെനെ കാണുമ്പോള്‍ എനിക്ക് എന്നെ തന്നെ ഓര്‍മ വരും. അവന്റെ വര്‍ക്കുകള്‍ കാണുമ്പോള്‍ പലപ്പോഴും തോന്നുന്ന കാര്യമാണ് അത്. എന്റെ പഴയ കാര്യങ്ങളൊക്കെ എനിക്ക് ഓര്‍മ വരും. എന്റെ ആദ്യത്തെ സിനിമകളിലൊക്കെ ഞാന്‍ എപ്പോഴും ചെയ്തിരുന്നത് ചമ്മുന്ന കഥാപാത്രങ്ങളായിരുന്നു.
കൂടെയുള്ള ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴോ ഞാന്‍ തന്നെ സ്വയം എന്തെങ്കിലും പറഞ്ഞിട്ടോ ചമ്മുന്ന സാഹചര്യം വരാറുണ്ട്. ഇത്തിരിപ്പൂവേ ചുവന്നപൂവേ സിനിമ കണ്ടവര്‍ക്കൊക്കെ മനസിലാകും (ചിരി).
അത് കുറേയൊക്കെ നസ്‌ലെന്‍ ചെയ്യുന്ന വേഷങ്ങള്‍ പോലെ തന്നെയാണ്. അവന്‍ പലപ്പോഴും എന്റെ കഴിഞ്ഞ കാലം ഓര്‍മപ്പെടുത്താറുണ്ട്. അവന്‍ ഇപ്പോള്‍ ചെയ്യുന്ന എല്ലാ സംഭവങ്ങളും അത്തരത്തിലുള്ളതാണ്. അവന്റെ നോട്ടം പോലും അങ്ങനെയുള്ളതാണ്,’ റഹ്‌മാന്‍ പറയുന്നു.