മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട ജോഡിയാണ് മമ്മൂട്ടി – റഹ്‌മാന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിക്കുന്ന സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. റഹ്‌മാന്റെ ആദ്യ സിനിമയായ കൂടെവിടെയിലും മമ്മൂട്ടി ഉണ്ടായിരുന്നു. ബ്ലാക്ക്, രാജമാണിക്യം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയിരുന്നു.
മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് റഹ്‌മാന്‍. തനിക്ക് തന്റെ ചേട്ടനെ പോലെയാണ് മമ്മൂട്ടിയെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പ്രായം കൊണ്ടല്ല മമ്മൂട്ടി ചേട്ടനാണെന്ന് പറയുന്നതെന്നും റഹ്‌മാന്‍ പറയുന്നു. തന്റെ ആദ്യ സിനിമ തൊട്ട് ഒരുപാട് സിനിമകള്‍ തങ്ങള്‍ ഇരുവരും സഹോദരങ്ങളായി അഭിനയിച്ചിട്ടുണ്ടെന്നും പല സിനിമകളിലും മമ്മൂട്ടിയെ അച്ചായാ, ചേട്ടാ, ഇക്ക എന്നൊക്കെ വിളിച്ചിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു റഹ്‌മാന്‍.
‘എന്റെ ചേട്ടനെ പോലെയാണ് ഞാന്‍ മമ്മൂക്കയെ കാണുന്നത്. വെറുതെ പറയുകയല്ല. അദ്ദേഹത്തിന്റെ പ്രായം കൊണ്ടുമല്ല പറയുന്നത്. എന്റെ ആദ്യ സിനിമ തൊട്ട് തന്നെ ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ സഹോദരങ്ങളായി അഭിനയിച്ചിട്ടുണ്ട്.
പല സിനിമകളിലും ഞാന്‍ അദ്ദേഹത്തെ അച്ചായായെന്ന് വിളിച്ചിട്ടുണ്ട്, ചേട്ടായെന്ന് വിളിച്ചിട്ടുണ്ട് ഇക്കായെന്ന് വിളിച്ചിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തിന്റെ കൂടെ വളര്‍ന്നത്. അതൊക്കെ എന്റെ ചെറുപ്രായത്തിലാണ്. അങ്ങനെ വിളിച്ച് വിളിച്ച് എന്റെയുള്ളില്‍ അദ്ദേഹം ശരിക്കുമൊരു സഹോദരനെ പോലെയായി. ആരെങ്കിലും ചോദിച്ചാലും എന്റെ മനസില്‍ വരുന്ന ചിത്രം അദ്ദേഹത്തിന്റേതാണ്.
എനിക്കും ഇച്ചക്കയ്ക്കും മുമ്പും ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ ഞാന്‍ വേണ്ടെന്ന് പറയുകയായിരുന്നു. കാരണം എന്റെ കഥാപാത്രത്തോട് യോജിക്കാത്തത് കൊണ്ട് ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്.
എല്ലാ സിനിമയും വാരി കയറി ചെയ്യുന്നതല്ല, എനിക്കും അദ്ദേഹത്തിനും നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും,’റഹ്‌മാന്‍ പറയുന്നു.