ആ സമയത്ത് പഠിത്തം പൂര്‍ത്തി ആക്കാമായിരുന്നുവെന്ന് ചിന്തിച്ചു; പ്ലാനിങ്ങുകള്‍ തെറ്റിപോയി: റഹ്‌മാന്‍
Entertainment
ആ സമയത്ത് പഠിത്തം പൂര്‍ത്തി ആക്കാമായിരുന്നുവെന്ന് ചിന്തിച്ചു; പ്ലാനിങ്ങുകള്‍ തെറ്റിപോയി: റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th June 2025, 3:51 pm

സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് റഹ്‌മാന്‍. പത്മരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍ മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായ റഹ്‌മാന്‍ വളരെ പെട്ടെന്നായിരുന്നു യുവതി യുവാക്കളുടെ ഹരമായി മാറിയത്.

മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ നടന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ വിടമാട്ടൈ ബൈ കീര്‍ത്തി എന്ന യൂട്യൂബ് ചാനലില്‍ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് റഹ്‌മാന്‍.

‘മലയാളത്തില്‍ എന്റെ ആദ്യ കാലം വളരെ മികച്ചതായിരുന്നു. അന്ന് എന്റെ സമയം നല്ലതായിരുന്നു. ടാലന്റിന് ഉപരി എല്ലാവര്‍ക്കും ഒരു സമയമുണ്ട്. ആ സമയത്ത് എല്ലാം നമ്മള്‍ ആഗ്രഹിച്ചത് പോലെ തന്നെ നടക്കും.

അപ്പോള്‍ നമ്മള്‍ ചെയ്യുന്നതെല്ലാം നന്നായി വരും. തൊടുന്നതൊക്കെ പൊന്ന് എന്ന് പറയുന്നത് കേട്ടിട്ടില്ലേ. അതുപോലെയാകും ആ സമയം. പിന്നീട് ഞാന്‍ തമിഴിലേക്കും തെലുങ്കിലേക്കുമൊക്കെ പോയി. അവിടെയും തുടക്കത്തില്‍ മലയാളത്തിലേത് പോലെ തന്നെയായിരുന്നു.

ആദ്യ സിനിമകളൊക്കെ വന്‍ വിജയമായിരുന്നു. പിന്നെ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ സമയം മാറി തുടങ്ങി. എല്ലാം പതിയെ മുങ്ങി തുടങ്ങി. ഞാന്‍ ആ സ്റ്റേജില്‍ എത്തിയപ്പോള്‍ എന്റെ മനസിലൂടെ ഒരുപാട് കാര്യങ്ങള്‍ കടന്നുപോയി.

പഠിത്തം പൂര്‍ത്തിയാക്കാമായിരുന്നുവെന്ന് ചിന്തിച്ചു പോയി. അത്തരത്തിലുള്ള പലതും ഞാന്‍ ചിന്തിച്ചു. കാര്യങ്ങളെല്ലാം വളരെ മോശമായി തുടങ്ങുമ്പോള്‍ ആ ചിന്ത എന്തായാലും മനസില്‍ വരും. പ്ലാനിങ്ങൊക്കെ അപ്പോള്‍ തെറ്റിപോകും. അങ്ങനെയൊരു ഫേസ് എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു,’ റഹ്‌മാന്‍ പറയുന്നു.


Content Highlight: Rahman Talks About His Phase Of Cinema Career