ആഗ്രഹിച്ചിട്ടും അദ്ദേഹത്തിനൊപ്പം ഒരു സെൽഫി എടുക്കാൻ എനിക്ക് കഴിഞ്ഞില്ല: റഹ്മാൻ
Entertainment
ആഗ്രഹിച്ചിട്ടും അദ്ദേഹത്തിനൊപ്പം ഒരു സെൽഫി എടുക്കാൻ എനിക്ക് കഴിഞ്ഞില്ല: റഹ്മാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 3:47 pm

പത്മരാജൻ ഒരുക്കിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടനാണ് റഹ്മാൻ. ഒരുകാലത്ത് യുവ ജനങ്ങൾക്കിടയിൽ തരംഗമായിരുന്നു റഹ്മാൻ.

വലിയ ആരാധകർ ഉണ്ടായിരുന്ന റഹ്മാൻ സിനിമയിൽ നിന്നൊരു ഇടവേള എടുത്ത ശേഷം രണ്ടായിരത്തിന്റെ തുടക്കത്തിലാണ് വീണ്ടും സിനിമകളിൽ സജീവമാകുന്നത്.

തുടർന്ന് മലയാളത്തേക്കാൾ അന്യഭാഷകളിൽ തിരക്കുള്ള നടനായി റഹ്മാൻ മാറി. വിവിധ ഭാഷകളിൽ വലിയ അഭിനേതാക്കളോടൊപ്പം അഭിനയിച്ച റഹ്മാൻ ഹിന്ദിയിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ്.

ഓർമവെച്ച നാൾ മുതൽ താൻ അദ്ദേഹത്തിന്റെ ആരാധകനാണെന്നും ആദ്യമായി ഒന്നിച്ചപ്പോൾ ഒരു ഫോട്ടോ പോലും എടുക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും റഹ്മാൻ പറയുന്നു. ഗണപതി എന്ന ബോളിവുഡ് ചിത്രത്തിലാണ് റഹ്മാനും അമിതാഭ് ബച്ചനും ഒന്നിച്ച് അഭിനയിച്ചത്. ട്രൂ കോപ്പി തിങ്കിനോട് സംസാരിക്കുകയായിരുന്നു റഹ്മാൻ.

‘വിവിധ ഭാഷകളിൽ ഒരുപാട് വലിയ അഭിനേതാക്കളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അവസാനം അമിതാഭ് ബച്ചൻ സാറിനൊപ്പം ഹിന്ദിയിൽ ഒരു ചിത്രത്തിൽ അഭിനയിച്ചു. എനിക്ക് ഓർമവെച്ച നാൾ മുതൽ അമിതാഭ് ബച്ചൻ സാർ എന്റെ മനസിലുണ്ട്. അവരുടെ കൂടെയൊന്നും എനിക്ക് വർക്ക്‌ ചെയ്യാൻ കഴിയുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല.

മോഹൻലാലിനും മമ്മൂക്കക്കുമൊപ്പമെല്ലാം വർക്ക്‌ ചെയ്തിട്ടുണ്ടെങ്കിലും, അതൊക്കെ ഞാൻ ആഗ്രഹിച്ചതാണ്. പക്ഷെ ബച്ചൻ സാറിന്റെ കൂടെ അഭിനയിക്കാൻ പറ്റുമെന്ന് ഒരിക്കലും കരുതിയില്ല.

അദ്ദേഹത്തിനൊപ്പം സീനുകൾ കുറവായിരുന്നു. എന്റെ അച്ഛനായിട്ടാണ് ഹിന്ദി പടത്തിൽ അദ്ദേഹം അഭിനയിച്ചത്. പക്ഷെ അദ്ദേഹം ഒരു അതിഥി വേഷത്തിലായിരുന്നു അഭിനയിച്ചത്.

ഏറ്റവും വലിയ വിഷമമായി എനിക്ക് തോന്നിയത് ഞാൻ ഒരൊറ്റ സെൽഫി പോലും അദ്ദേഹത്തിനൊപ്പം എടുത്തില്ല. എല്ലാവരും എടുക്കുന്നുണ്ടായിരുന്നു. എനിക്ക് ചോദിക്കാനും മടിയും നാണവും. ഞാൻ ആരോടും പറഞ്ഞില്ല. ഇനി ആ സിനിമ കാണണം,’റഹ്മാൻ പറയുന്നു.

Content Highlight: Rahman Talk About Amithabh Bachan