അമിതാഭ് ബച്ചനൊപ്പമുള്ള ഹിന്ദി ചിത്രം ഗണ്‍പതിന്റെ ചിത്രീകരണത്തിനിടെ റഹ്മാന് പരിക്ക്
Movie Day
അമിതാഭ് ബച്ചനൊപ്പമുള്ള ഹിന്ദി ചിത്രം ഗണ്‍പതിന്റെ ചിത്രീകരണത്തിനിടെ റഹ്മാന് പരിക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th April 2022, 3:35 pm

മലയാളത്തിന്റെ പ്രിയ നടന്‍ റഹ്മാന്‍ ആദ്യമായ അഭിനയിക്കുന്ന ഹിന്ദി ചിത്രമായ ഗണ്‍പതിന്റെ ഷൂട്ടിങ്ങിനിടെ താരത്തിന് പരിക്ക്. കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനില്‍ ചിത്രീകരണം ആരംഭിച്ച ഗണ്‍പതിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ മുംബൈയില്‍ പുരോഗമിക്കുകയാണ്.

ചിത്രീകരണത്തിനിടെ ഒരു ഷോട്ടില്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയായിരുന്നു റഹ്മാന്റെ തുടയ്ക്ക് പരിക്കേറ്റെന്നാണ് കാന്‍ മീഡിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്ക് പറ്റിയതിനെ തുടര്‍ന്ന് റഹ്മാന് രണ്ട് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഇതേത്തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് മുംബൈയില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റുഡിയോ ഫ്‌ളോറിനുള്ളില്‍ തീര്‍ത്ത ബോംക്സിംഗ് റിംഗിനുള്ളിലാണ് ചിത്രീകരണം. റഹ്മാന്റെ ഇന്‍ട്രൊഡക്ഷന്‍ ഫൈറ്റ് കൂടിയാണ്. പ്രധാന അഭിനേതാക്കള്‍ക്കൊപ്പം മുന്നൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്നുണ്ട്.

വികാസ് ബഹലാണ് ഗണ്‍പതിന്റെ സംവിധായകന്‍. ടൈഗര്‍ ഷ്റോഫ് കൃതി സനോന്‍, ഗൗഹര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം അതിഥിതാരമായി അമിതാഭ് ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നു. റഹ്മാന്റെ പിതാവിന്റ വേഷമാണ് അമിതാഭിന്.

ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ് ഗണ്‍പത്. 2075ല്‍ നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തമെന്നറിയുന്നു. സ്വാഭാവികമായും ഗ്രീന്‍മാറ്റിലാണ് ചിത്രത്തിന്റെ ഏറിയപങ്കും ഷൂട്ട് ചെയ്തിരിക്കുന്നത്. ലണ്ടനിലെ സ്റ്റുഡിയോ ഫ്ളോറുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.