1969 കാലഘട്ടത്തില്‍ തമിഴിലെ ഒരു പ്രധാനപ്പെട്ട ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതാണെന്നും തമിഴ് സിനിമയിലെ അന്നത്തെ ചില അതികായര്‍ ഇടപ്പെട്ട് അവസരമില്ലാതാക്കിയതാണെന്നും ഓര്‍ക്കുകയാണ് മുതിര്‍ന്ന അഭിനേതാവായ രാഘവന്‍. യൂ ട്യൂബ് ചാനലായ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ചെന്നൈയിലായിരുന്നു എന്റെ കരിയറിന്റെ ദീര്‍ഘകാലം ഞാന്‍ ചിലവഴിച്ചത്. നല്ലതുപോലെ തമിഴ് വായിക്കാനും എഴുതാനും അറിയാമായിരുന്നു. അങ്ങനെയിരിക്കെയാണ് 1969 ല്‍ തമിഴ് സിനിമയിലേക്ക് വലിയൊരു അവസരം ലഭിക്കുന്നത്. ഞാന്‍,ശിവാജി ഗണേശന്‍, കെ ആര്‍ വിജയ, ലക്ഷ്മി തുടങ്ങി ഇരട്ട നായിക നായകന്മാരുള്ള വലിയൊരു ചിത്രത്തിലേക്കാണ് എന്നെ വിളിച്ചത്. വലിയ ആവേശത്തോടെ ഞാന്‍ അഭിനയിക്കാമെന്ന് പറഞ്ഞു, ഷൂട്ടിങ്ങ് ഡേറ്റടക്കം എല്ലാം ഫിക്സ് ചെയ്തു.
Raghavan/ Screen grab from Vellithira
അവസാന നിമിഷം നിര്‍മ്മാതാവ് എന്നോട് പറഞ്ഞു, ക്ഷമിക്കണം കേട്ടോ വേറെ വഴിയില്ല. സിനിമയിലെ ഹൈക്കമാന്‍ഡില്‍ നിന്നുമുള്ള ഉത്തരവാണ് അനുസരിക്കാതെ പറ്റില്ല. ആ ഹൈക്കമാന്‍ഡ് ആരാണന്ന് ഇപ്പോള്‍ ഞാന്‍ പറയുന്നില്ല. കഴിഞ്ഞിട്ട് ഒരുപാട് കാലമായില്ലേ. ഏതായാലും എനിക്ക് പകരം ആ റോള്‍ ചെയ്തത് മുത്തുരാമന്‍ ആണ്’ രാഘവന്‍ പറയുന്നു.
‘വളരെ നല്ലൊരു ചിത്രം ഞാന്‍ തന്നെ കളഞ്ഞു കുളിച്ചിട്ടുണ്ട്. കെ ഭാഗ്യരാജ് സംവിധാനം ചെയ്ത് അംബിക നായികയായ ചിത്രത്തില്‍ രണ്ടു ഹീറോകളിലൊരാളായ ഡോ.ആനന്ദിന്റെ വേഷം ചെയ്യാന്‍ വേണ്ടി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ സമീപിച്ചിരുന്നു. അതേ സമയത്തായിരുന്നു സിലോണില്‍ വച്ച് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് മറ്റൊരു സിനിമയിലേക്ക് എനിക്ക് വിളി വരുന്നത്.
Raghvan/ screen grab Can Channel media
അതില്‍ മുഴുകി കിടക്കുകയായിരുന്നതുകൊണ്ടും രണ്ടും ഒരേ സമയത്ത് ആയതുകൊണ്ടും എനിക്ക് ഭാഗ്യരാജിന്റെ ചിത്രത്തില്‍ അഭിനയിക്കാനായില്ല. പക്ഷേ സിലോണിലെ ചിത്രം നടന്നില്ല. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാന്‍. ഇതും നടന്നില്ല അതും നടന്നില്ല. ചിത്രത്തില്‍ എനിക്ക് പറഞ്ഞിരുന്ന ഡോ.ആനന്ദിന്റെ വേഷം ചെയ്ത രാജേഷ് എന്ന നടന്‍ ചിത്രത്തിലൂടെ ഹിറ്റായി. ആ വേഷം ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഒരു തമിഴ് നടനായി മാറേണ്ടതായിരുന്നു’ രാഘവന്‍ പറഞ്ഞു.
മലയാളം പോലെ തന്നെ തനിക്ക് കൈകാര്യം ചെയ്യാമായിരുന്ന ഭാഷയായിരുന്നു തമിഴെന്നും ഈ സംഭവത്തിനു ശേഷം താന്‍ തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
1968 ല്‍ കായല്‍ക്കരയില്‍ എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച രാഘവന്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി മലയാളം സീരിയല്‍ മേഖലയിലാണ് സജീവമായിട്ടുള്ളത്. കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവാണ്.
Content Highlight: Raghavan share the missed opportunity in Tamil