ഗോസ്റ്റ് ഹൗസിലെ ക്ലൈമാക്‌സ് സീന്‍ ഡ്യൂപ്പില്ലാതെ ചെയ്തത്; ആറ് ദിവസം കഴിഞ്ഞപ്പോള്‍ ശരീരം മുഴുവന്‍ നീരുവെച്ചു: അതുകണ്ട് ലാല്‍ സാര്‍ പറഞ്ഞത്... രാധിക
Entertainment
ഗോസ്റ്റ് ഹൗസിലെ ക്ലൈമാക്‌സ് സീന്‍ ഡ്യൂപ്പില്ലാതെ ചെയ്തത്; ആറ് ദിവസം കഴിഞ്ഞപ്പോള്‍ ശരീരം മുഴുവന്‍ നീരുവെച്ചു: അതുകണ്ട് ലാല്‍ സാര്‍ പറഞ്ഞത്... രാധിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 9:58 am

ക്ലാസ്സ്മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയ ആയിവന്ന് പ്രേക്ഷക പ്രീതിനേടിയ നേടിയാണ് രാധിക. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ രാധിക അഭിനയിച്ചിട്ടുണ്ട്. ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന ചിത്രത്തിലെ രാധികയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോള്‍ ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന ചിത്രത്തിലെ ക്ലൈമാക്‌സിനെ കുറിച്ച് സംസാരിക്കുകയാണ് അവര്‍.

ഡ്യൂപ്പ് ഇല്ലാതെയാണ് ക്ലൈമാക്‌സ് രംഗം എടുത്തതെന്നും ആറ് ദിവസം ആയപ്പോള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയായെന്നും രാധിക പറയുന്നു. തന്റെ ശരീരം മൊത്തം നീര് വന്നെന്നും ഇത് കണ്ടതോടെ വീട്ടില്‍പ്പോയി നാലുദിവസം വിശ്രമിച്ച് വരാന്‍ സംവിധായകന്‍ ലാല്‍ പറഞ്ഞെന്നും നടി വ്യക്തമാക്കി. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാധിക.

‘ഗോസ്റ്റ് ഹൗസ് ഷൂട്ട് ചെയ്ത കൊണ്ടിരുന്ന സമയത്ത് ഇടിയും തൊഴിയുമൊക്കെ കൊള്ളാന്‍ എനിക്കൊരു ഡ്യൂപ്പിനെ കൊണ്ടുവന്നിരുന്നു. വേണുച്ചേട്ടനായിരുന്നു ഗോസ്റ്റ് ഹൗസിന്റെ ക്യാമറ. കുഞ്ഞ് എന്നാണ് വേണുച്ചേട്ടന്‍ എന്നെ വിളിക്കുന്നത്. കാരണം എന്റെ ആദ്യ സിനിമയായ ‘വിയറ്റ്‌നാം കോളനി’യിലും വേണുച്ചേട്ടനാണ് ക്യാമറ ചെയ്തത്. അന്നും കുഞ്ഞ് എന്നാണ് വിളിച്ചിരുന്നത്. അത് പിന്നെ മാറിയില്ല.

‘ഡ്യൂപ്പിനെ വച്ച് ചെയ്യേണ്ട. കുഞ്ഞുതന്നെ ചെയ്‌തോളും’ എന്ന് വേണുച്ചേട്ടന്‍ പറഞ്ഞു. അതിന്റെ റിസ്‌ക് ഫാക്ടേഴ്സ് ഒന്നും അപ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് ആവേശത്തില്‍ ഞാന്‍ തന്നെ ചെയ്‌തോളാം എന്ന് പറഞ്ഞു. ചെറിയ ഇടിയും തൊഴിയും വീഴ്ചയുമൊക്കെയായിരുന്നു.

എന്നാല്‍ കുറേദിവസം കഴിഞ്ഞപ്പോള്‍ ക്ഷീണം വന്നുതുടങ്ങി. ആറ് ദിവസം ആയപ്പോള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയായി. ശരീരം മുഴുവന്‍ നീരുവെച്ചു. ഇത് കണ്ടതോടെ വീട്ടില്‍പ്പോയി നാലുദിവസം വിശ്രമിച്ച് വരാന്‍ സംവിധായകന്‍ ലാല്‍ സാര്‍ പറഞ്ഞു. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷമാണ് ഞാന്‍ സെറ്റിലെത്തിയത്,’ രാധിക പറയുന്നു.

Content Highlight: Radhika Talks About In Ghost House Inn Movie