'എവിടെ പോയാലും നിങ്ങള്‍ വൃത്തികെട്ട ഇന്ത്യക്കാര്‍ ഉണ്ടല്ലോ; ഇന്ത്യയില്‍ നല്ലൊരു ജീവിതമുണ്ടെങ്കില്‍ എന്തിനാണ് ഇങ്ങോട്ടുവന്നത്'; ഇന്ത്യന്‍ വനിതകള്‍ക്ക് നേരെ വംശീയാക്രമണം
World News
'എവിടെ പോയാലും നിങ്ങള്‍ വൃത്തികെട്ട ഇന്ത്യക്കാര്‍ ഉണ്ടല്ലോ; ഇന്ത്യയില്‍ നല്ലൊരു ജീവിതമുണ്ടെങ്കില്‍ എന്തിനാണ് ഇങ്ങോട്ടുവന്നത്'; ഇന്ത്യന്‍ വനിതകള്‍ക്ക് നേരെ വംശീയാക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th August 2022, 9:02 am

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ ഇന്ത്യക്കാരായ സ്ത്രീകള്‍ക്ക് നേരെ വംശീയാക്രമണം. മെക്‌സിക്കന്‍- അമേരിക്കന്‍ സ്വദേശിയായ യുവതിയാണ് ഇവരെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്.

രാത്രി ഭക്ഷണം കഴിക്കാന്‍ വേണ്ടി പുറത്തിറങ്ങിയ സമയത്തായിരുന്നു നാല് ഇന്ത്യന്‍ വനിതകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ബുധനാഴ്ചയായിരുന്നു സംഭവം.

എസ്മറാള്‍ഡ അപ്ടണ്‍ (Esmeralda Upton) എന്ന യു.എസ് വനിതയാണ് ഇന്ത്യന്‍ സ്ത്രീകളെ അപമാനിച്ചുകൊണ്ട് സംസാരിക്കുകയും അവര്‍ക്കെതിരെ വംശീയ പരാമര്‍ശങ്ങള്‍ നടത്തുകയും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ വനിതകള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസിനെ വിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

View this post on Instagram

A post shared by Brut India (@brut.india)

”ഞാന്‍ എവിടെ പോയാലും നിങ്ങള്‍ വൃത്തികെട്ട ഇന്ത്യക്കാര്‍ എല്ലായിടത്തുമുണ്ടല്ലോ. ഇന്ത്യയിലേക്ക് തിരിച്ച് പോകൂ. ഞങ്ങള്‍ക്ക് നിങ്ങളെ ഇവിടെ ആവശ്യമില്ല.

നിങ്ങളുടെ രാജ്യത്ത് കാര്യങ്ങള്‍ അത്രയും മഹത്തരമാണെങ്കില്‍ അവിടെ തന്നെ പോയി താമസിച്ചോളൂ. എന്തിനാണ് അമേരിക്കയിലേക്ക് വരുന്നത്.

വൃത്തികെട്ട ഇന്ത്യക്കാര്‍ കൂടുതല്‍ മികച്ച ജീവിതം ആഗ്രഹിച്ച് അമേരിക്കയിലേക്ക് വരികയാണ്. സ്വാഭാവികമായും ഇവര്‍ക്ക് ഇന്ത്യയില്‍ നല്ലൊരു ജീവിതമുണ്ടാകില്ല,” എസ്മറാള്‍ഡ അപ്ടണ്‍ ഇന്ത്യന്‍ വനിതകളോട് പറഞ്ഞു.

‘ഞങ്ങള്‍ നിങ്ങളോട് ഒന്നും സംസാരിക്കാന്‍ വന്നില്ലല്ലോ, നിങ്ങള്‍ എന്തിനാണ് ഞങ്ങള്‍ക്ക് നേരെ ആക്രോശിക്കുന്നത്,’ എന്ന ചോദ്യത്തിന് ‘കാരണം നിങ്ങള്‍ വൃത്തികെട്ട ഇന്ത്യക്കാരെ ഞാന്‍ വെറുക്കുന്നു. നിങ്ങള്‍ ഇനിയും അമേരിക്കയിലേക്ക് വരികയാണെങ്കില്‍ ഇനിയും ഞാന്‍ ആക്രമിക്കും,” എന്നാണ് യു.എസ് വനിത മറുപടി പറയുന്നത്.

”ഞാന്‍ ഒരു മെക്‌സിക്കന്‍ പൗരയാണ്, ഒരു മെക്‌സിക്കന്‍- അമേരിക്കന്‍ സ്ത്രീയാണ്. ഞാന്‍ ജനിച്ചത് അമേരിക്കയിലാണ്. നിങ്ങള്‍ ജനിച്ചത് അമേരിക്കയിലാണോ,” എന്നെല്ലാം എസ്മറാള്‍ഡ അപ്ടണ്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

ഞങ്ങള്‍ ജനിച്ചത് അമേരിക്കയിലല്ല എന്ന് നിങ്ങള്‍ക്കെങ്ങനെ അറിയാം, എന്ന ഇന്ത്യന്‍ വനിതയുടെ ചോദ്യത്തിന് ‘നിങ്ങളുടെ സംസാരരീതി കേട്ടാല്‍ തന്നെ അത് മനസിലാകും,’ എന്നാണ് എസ്മറാള്‍ഡ അപ്ടണ്‍ പറയുന്നത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തപ്പോള്‍ ക്യാമറ തകര്‍ക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.

ഇവരെ തൊട്ടടുത്ത ദിവസം തന്നെ പ്ലാനോ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ദോഹോപദ്രവം ഏല്‍പിക്കുന്ന തരത്തില്‍ ആക്രമിക്കുക, തീവ്രവാദപരമായി ഭീഷണി മുഴക്കുക, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Content Highlight: Racist attack against Indian women in Texas, America