പ്രോട്ടിയാസിനെതിരെ പന്ത് കൊണ്ട് തിളങ്ങി; ഹര്‍ദിക്കുള്ള എലീറ്റ് ലിസ്റ്റിലേക്ക് ഇടിച്ച് കയറി രചിന്‍
Cricket
പ്രോട്ടിയാസിനെതിരെ പന്ത് കൊണ്ട് തിളങ്ങി; ഹര്‍ദിക്കുള്ള എലീറ്റ് ലിസ്റ്റിലേക്ക് ഇടിച്ച് കയറി രചിന്‍
ഫസീഹ പി.സി.
Thursday, 5th March 2026, 4:32 pm

2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഒന്നാം സെമിയില്‍ സൗത്ത് ആഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിവീസിന്റെ മുന്നേറ്റം. ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തിലായിരുന്നു സാന്റ്‌നറും സംഘവും മുന്നിലെത്തിയത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ കിവി ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്ര മികച്ച പ്രകടനമാണ് നടത്തിയത്. താരം സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ്ങില്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ വിറപ്പിച്ചിരുന്നു.

രചിന്‍ രവീന്ദ്ര. Photo: Espncricinfo. com

നാല് ഓവര്‍ എറിഞ്ഞ രചിന്‍ വിട്ടുനല്‍കിയത് വെറും 29 റണ്‍സായിരുന്നു. 7.25 എക്കോണമിയിലായിരുന്നു താരം പന്തെറിഞ്ഞത്. ഇതിനുപുറമെ, ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ താരം 11 പന്തില്‍ 13 റണ്‍സും നേടി.

ഇതോടെ ഒരു എലീറ്റ് ലിസ്റ്റിലാണ് രചിന്‍ തന്റെ പേര് തന്റെ എഴുതി ചേര്‍ത്തത്. ഒരു ടി – 20 ലോകകപ്പില്‍ 100 റണ്‍സും പത്ത് വിക്കറ്റുകളും നേടുന്ന താരങ്ങളുടെ ലിസ്റ്റിലാണ് കിവി ഓള്‍ റൗണ്ടറും ഇടം നേടിയത്. താരത്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയത് ഒമ്പത് പേരാണ്.

2009ല്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്. പിന്നീട് ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യ അടക്കം ഒമ്പത് പേരും പേര് ചേര്‍ത്തു. രണ്ട് വ്യത്യസ്ത എഡിഷനുകളിലായി ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന്‍ മാത്രമാണ് ഈ നേട്ടം ആവര്‍ത്തിച്ചത്. 2016ലും 2021ലുമായിരുന്നു താരത്തിന്റെ നേട്ടം.

രചിന്‍ രവീന്ദ്ര. Photo: ICC/x.com

ഇതിലേക്കാണ് ഇപ്പോള്‍ രചിന്‍ രവീന്ദ്ര തന്റെ പേരും എഴുതിച്ചേര്‍ത്തത്. താരം ഈ സീസണില്‍ ആറ് ഇന്നിങ്സുകളിലായി 128 റണ്‍സും 11 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ടി – 20 ലോകകപ്പ് ടൂര്‍ണമെന്റില്‍ 100 റണ്‍സും 10 വിക്കറ്റുകളും നേടിയ താരങ്ങള്‍

(വര്‍ഷം – ടീം – താരം എന്നീ ക്രമത്തില്‍)

2009 – വെസ്റ്റ് ഇന്‍ഡീസ് – ഡ്വെയ്ന്‍ ബ്രാവോ

2009 – പാകിസ്ഥാന്‍ – ഷാഹിദ് അഫ്രീദി

2012 – ഓസ്‌ട്രേലിയ – ഷെയ്ന്‍ വാട്‌സണ്‍

2012 – അഫ്ഗാനിസ്ഥാന്‍ – മുഹമ്മദ് നബി

2016 – ബംഗ്ലാദേശ് – ഷാകിബ് അല്‍ ഹസന്‍

2021 – ബംഗ്ലാദേശ് – ഷാകിബ് അല്‍ ഹസന്‍

2021 – ശ്രീലങ്ക – വാനിന്ദു ഹസരങ്ക

2022 – സിംബാബ്വെ – സിക്കന്ദര്‍ റാസ

2024 – ഇന്ത്യ – ഹര്‍ദിക് പാണ്ഡ്യ

2024 – ഓസ്‌ട്രേലിയ – മാര്‍ക്കസ് സ്റ്റോയ്നിസ്

2026 – വെസ്റ്റ് ഇന്‍ഡീസ് – ജേസണ്‍ ഹോള്‍ഡര്‍

2026 – ന്യൂസിലാന്‍ഡ് – രചിന്‍ രവീന്ദ്ര

Content Highlight: Rachin Ravindra completed 100 wickets and 100 runs in a T2o World Cup tournament

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി