റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ചയാളാണ് ബാലാജി. കരിയറിന്റെ തുടക്കത്തില്‍ നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ബാലാജി വളര പെട്ടെന്ന് ശ്രദ്ധേയനായി. നായകനായും സംവിധായകനായും തിളങ്ങിയ ബാലാജിയുടെ പുതിയ സംവിധാനസംരംഭം സൂര്യയോടൊപ്പമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
ടൈറ്റില്‍ പോസ്റ്ററില്‍ സംവിധായകന്റെ പേര് ആര്‍.ജെ.ബി എന്നായിരുന്നു നല്‍കിയത്. അത്തരത്തിലൊരു മാറ്റം വരുത്താനുള്ള കാരണം വ്യക്തമാക്കുകയാണ് ബാലാജി. ഉര്‍വശിയാണ് തന്നോട് ആദ്യമായി അത്തരമൊരു കാര്യം നിര്‍ദേശിച്ചതെന്ന് ബാലാജി പറഞ്ഞു. രണ്ട് സിനിമകളില്‍ ഉര്‍വശിയോടൊപ്പം വര്‍ക്ക് ചെയ്‌തെന്ന് അപ്പോഴെല്ലാം അവര്‍ ഇക്കാര്യം തന്നോട് പറയുമായിരുന്നെന്നും അദ്ദേഹം പറയുന്നു. സിനിമാവികടന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.ജെ. ബാലാജി ഇക്കാര്യം പറഞ്ഞത്.
‘ഉര്‍വശി മാം എന്നെ ഫോണ്‍ ചെയ്ത് ‘ആര്‍.ജെ. ബാലാജി എന്ന് പോസ്റ്ററിലൊന്നും വെക്കരുത്, ആര്‍.ജെ.ബി എന്ന് വെക്ക്. വലിയ വലിയ ആളുകളൊക്കെ അങ്ങനെയാണ്, മൂന്നക്ഷരം മാത്രമേയുണ്ടാകുള്ളൂ. നീയും അതുപോലെ ചെയ്യ്’ എന്ന് പറഞ്ഞു. മാമിന്റെ കൂടെ രണ്ട് സിനിമയാണ് ഞാന്‍ ചെയ്തത്. എനിക്ക് അവരെ വലിയ കാര്യമാണ്.
അത്രയും വലിയ ആര്‍ട്ടിസ്റ്റ് പറയുന്ന കാര്യം തള്ളിക്കളയാന്‍ എനിക്ക് തോന്നിയില്ല. ഈ ന്യൂമറോളജിയൊക്കെ നോക്കിയിട്ടാകും മാം ഇതൊക്കെ എന്നോട് പറഞ്ഞിട്ടുണ്ടാവുക. ‘നീ വലിയ ആളാകും’ എന്നൊക്കെ അവര്‍ പറയുന്നുണ്ട്. അതെല്ലാം കേട്ടിട്ട് ഞാന്‍ ടെംപ്റ്റായി. അങ്ങനെയാണ് പുതിയ സിനിമയുടെ പോസ്റ്ററില്‍ ആര്‍.ജെ.ബി എന്ന് പേര് വെച്ചത്. ഇനി എന്താകുമെന്ന് കണ്ടറിയണം,’ ബാലാജി പറയുന്നു.
സൂര്യയുടെ 45ാമത് ചിത്രമാണ് കറുപ്പ്. റൂറല്‍ മാസ് ആക്ഷന്‍ ചിത്രമായാണ് കറുപ്പ് ഒരുങ്ങുന്നത്. കോമഡി, സറ്റയര്‍ സിനിമകള്‍ മാത്രം ഒരുക്കിയിട്ടുള്ള ബാലാജിയില്‍ നിന്ന് വരുന്ന ആദ്യത്തെ മാസ് ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് ചിത്രത്തിന് മേല്‍ ഉള്ളത്. ബോക്‌സ് ഓഫീസില്‍ അത്ര സേഫല്ലാതിരിക്കുന്ന സൂര്യക്ക് ഒരു വന്‍ വിജയം അനിവാര്യമാണ്.
വക്കീല്‍ വേഷത്തിലാണ് സൂര്യ കറുപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. മലയാളികളായ ഇന്ദ്രന്‍സ്, സ്വാസിക എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തമിഴിലെ പുത്തന്‍ സെന്‍സേഷനായ സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീതം. നവംബറിലോ ഡിസംബറിലോ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: R J Balaji saying he changed his name in movie posters after the suggestion of Urvashi