രാജസ്ഥാന്‍ റോയല്‍സിന്റെ യുവ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ലോകോത്തര ബൗളറായ ജസ്പ്രീത് ബുംറയുടെ ആദ്യ പന്ത് സിക്‌സറടിച്ചതെല്ലാം ശരിയാണോ മോനെ എന്ന് തമാശ രൂപത്തില്‍ അശ്വിന്‍ പറഞ്ഞു. മാത്രമല്ല വോട്ട് ചെയ്യാനോ കാറോ ബൈക്കോ ഓടിക്കാനോ പ്രായമായിട്ടില്ലാത്ത വൈഭവ് ഒരു മനസാക്ഷി പോലും കാണിക്കാതെയാണ് വൈഭവ് സിക്‌സറടച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ഒരു കാര്യമേ ചോദിക്കാനുള്ളൂ, അദ്ദേഹത്തിന്റെ പേര് ജസ്പ്രീത് ബുംറയെന്നാണ്. ലോകത്തിലെ പലയിടങ്ങളില്‍ പോയി ഇന്ത്യയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിച്ച ബൗളറാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ബൗളിങ് നേരിടാന്‍ ഏതൊരാള്‍ക്കും പേടിയാണ്. അത്തരത്തില്‍ ഒരു പേടിയുമില്ലാതെ അദ്ദേഹത്തിന്റെ ആദ്യ പന്ത് സിക്‌സറടിക്കുന്നതെല്ലാം ശരിയാണോ മോനെ (വൈഭവ് സൂര്യവംശി)…
വോട്ട് ചെയ്യാന്‍ പോലും പ്രായമായിട്ടില്ല അവന്, റോട്ടിലൂടെ കാറോ ബൈക്കോ അവന് ഓടിക്കാനുള്ള പ്രായമായിട്ടില്ല. സൈക്കിള്‍ ഓടിച്ചാല്‍ പോലും അവന്റെ അച്ഛന് പുറകില്‍ വരേണ്ടി വരും, അത്രയേ അവന് വയസായിട്ടുള്ളൂ. എന്നിട്ടാണ് അവന്‍ ബാറ്റെടുത്ത് ഒരു മനസാക്ഷിപോലും ഇല്ലാതെ അദ്ദേഹത്തെ സിക്‌സ് അടിക്കുന്നത്. അതിന് ശേഷം അദ്ദേഹം ഒരു സ്ലോവര്‍ എറിഞ്ഞു, അതും നീ സിക്‌സര്‍ പറത്തി,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ ഏപ്രില്‍ ഏഴിന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍ സ്വന്തമാക്കിയത്. മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 123ന് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.
മത്സരത്തില്‍ രാജസ്ഥാന്‍ യുവതാരം വൈഭവ് സൂര്യവംശിയുടെ താണ്ഡവത്തിനാണ് ആരാധകര്‍ സാക്ഷിയായത്. 14 പന്തുകള്‍ നേരിട്ട് 39 റണ്‍സായിരുന്നു 15കാരനായ താരത്തിന്റെ സമ്പാദ്യം. ഈ ഇന്നിങ്സില്‍ അഞ്ച് സിക്‌സും ഒരു ഫോറുമാണ് വൈഭവ് അടിച്ചത്. 278. 57 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് ഓപ്പണര്‍ മുംബൈ താരങ്ങളെ അടിച്ചൊതുക്കിയത്.വൈഭവ് സൂര്യവംശി
സീസണില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 17 പന്തില്‍ 52 റണ്‍സടിച്ച താരം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 18 പന്തില്‍ 31 റണ്‍സും സ്വന്തമാക്കി.
നിലവില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് വൈഭവ്. മൂന്ന് മത്സരത്തില്‍ നിന്നും 40.66 ശരാശരിയില്‍ 122 റണ്‍സാണ് വൈഭവിന്റെ പേരിലുള്ളത്. 170 റണ്‍സുമായി യശസ്വി ജെയ്‌സ്വാളാണ് ഒന്നാമത്.
ഏപ്രില്‍ പത്തിനാണ് രാജസ്ഥാന്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്സാണ് എതിരാളികള്‍. ഗുവാഹത്തി തന്നെയാണ് വേദി.
Content Highlight: R Ashwin Talking About Vaibhav Suryavanshi