ഐ.പി.എല്ലിലെ ഏറ്റവും മികച്ച മൂന്ന് ഇന്ത്യന്‍ ബൗളര്‍മാരില്‍ അവനും തെരഞ്ഞെടുപ്പുമായി അശ്വിന്‍
Cricket
ഐ.പി.എല്ലിലെ ഏറ്റവും മികച്ച മൂന്ന് ഇന്ത്യന്‍ ബൗളര്‍മാരില്‍ അവനും തെരഞ്ഞെടുപ്പുമായി അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Wednesday, 8th April 2026, 5:00 pm

രാജസ്ഥാന്‍ പേസര്‍ സന്ദീപ് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരോടൊപ്പം സന്ദീപ് ശര്‍മയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പന്ത് സ്വിങ് ചെയ്യിപ്പിക്കാനുള്ള കഴിവും മികച്ച ബൗളിങ് വേഗതയും സന്ദീപിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ജസ്പ്രീത് ബുംറയും സന്ദീപ് ശര്‍മയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എന്നിരുന്നാലും ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, സന്ദീപ് ശര്‍മ എന്നിവരാണ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച മൂന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍. സന്ദീപ് ശര്‍മ അവരോട് അടുത്ത് കഴിഞ്ഞു. അവന്‍ പന്ത് സ്വിങ് ചെയ്യിപ്പിക്കുന്നു, നക്കിള്‍ ബോള്‍ ചെയ്യുന്നു, മാത്രമല്ല ഡെത്ത് ഓവറില്‍ രാജസ്ഥാന് വേണ്ടി ബോള്‍ എറിയുന്നു, കാരണം സന്ദീപ് ആ റോള്‍ ഏറ്റെടുക്കാന്‍ അനുയോജ്യമായ താരമാണ്. അവന്‍ 140 കി.മി വേഗതയില്‍ പന്തെറിയുന്നവനാണ്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.സന്ദീപ് ശര്‍മ

അതേസമയം ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 27 റണ്‍സിനാണ് ടീം പരാജയപ്പെടുത്തിയത്.

മഴ മൂലം 11 ഓവറായി വെട്ടി ചുരുക്കിയ മത്സരത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിങ്ങിയ മുംബൈ 123 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. മുംബൈ നിരയില്‍ ഷര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് എട്ട് പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ നമന്‍ ധിര്‍ 13 പന്തില്‍ 25 റണ്‍സും നേടി. രാജസ്ഥനായി സന്ദീപ് ശര്‍മ, നന്ദ്രേ ബര്‍ഗര്‍, രവി ബിഷ്‌ണോയി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചറും തുഷാര്‍ ദേശ്പാണ്ഡെയും ഓരോ വിക്കറ്റുകള്‍ വീതം നേടി.

മത്സരത്തില്‍ യശസ്വി ജെയ്‌സ്വാള്‍ 32 പന്തില്‍ പുറത്താവാതെ 77 റണ്‍സാണ് സ്‌കോര്‍ ചെയ്ത്. യുവതാരം വൈഭവ് സൂര്യവംശി 14 പന്തില്‍ നിന്ന് 39 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് സിക്‌സും ഒരു ഫോറുമാണ് 15കാരന്‍ അടിച്ചത്. വിജയത്തോടെ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.

Content Highlight: R Ashwin Talking About Sandeep Sharma

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ