ഒരു കോടിക്ക് മുംബൈ ഇന്ത്യന്‍സിലേക്ക് മടക്കം; പിന്നാലെ വെടിക്കെട്ടുമായി ഡി കോക്ക്
Cricket
ഒരു കോടിക്ക് മുംബൈ ഇന്ത്യന്‍സിലേക്ക് മടക്കം; പിന്നാലെ വെടിക്കെട്ടുമായി ഡി കോക്ക്
ഫസീഹ പി.സി.
Tuesday, 30th December 2025, 8:21 am

സൗത്ത് ആഫ്രിക്ക 20 (എസ്.എ20)ല്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ക്വിന്റണ്‍ ഡി കോക്ക്. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ നടന്ന സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പ് (എസ്.ഇ.സി) – പ്രിട്ടോറിയ ക്യാപിറ്റല്‍സ് (പി.സി) മത്സരത്തിലാണ് താരം അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എസ്.ഇ.സിയുടെ ഓപ്പണിങ് ബാറ്ററായാണ് താരം മത്സരത്തിന് ഇറങ്ങിയത്.

മത്സരത്തില്‍ ഒന്നാം ഓവറില്‍ ക്രീസിലെത്തിയ ഡി കോക്ക് തിരികെ നടന്നത് 14ാം ഓവറിലായിരുന്നു. മടങ്ങുമ്പോള്‍ 47 പന്തില്‍ 77 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ആറ് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 163.82 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ വെടിക്കെട്ട്.

ക്വിന്റണ്‍ ഡി കോക്ക്. Photo: TrollKaTaj | Memes • Polls • IPL/x.com

എസ്.എ 20യില്‍ ഇത് ആദ്യമായല്ല ഡി കോക്ക് മികച്ച ബാറ്റിങ് കൊണ്ട് ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. ഈ സീസണിലെ ആദ്യ മത്സരത്തിലും താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. പാള്‍ റോയല്‍സിനെതിരായ താരം 24 പന്തില്‍ 42 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ഐ.പി.എല്ലില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ എത്തിയതിന് ശേഷമാണ് ഡി കോക്ക് തന്റെ ബാറ്റില്‍ നിന്ന് കൊടുങ്കാറ്റ് അഴിച്ച് വിട്ടതെന്നാണ് ശ്രദ്ധേയം. 2026 ഐ.പി.എല്ലിന് മുന്നോടിയായി നടന്ന മിനി ലേലത്തില്‍ താരം ഒരു കോടിക്കാണ് ടീമിലെത്തിയത്. താരത്തിന്റെ വെടിക്കെട്ട് വീണ്ടും ഐ.പി.എല്ലില്‍ കാണാനാവുമെന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ് താരം ഈ ഇന്നിങ്സിലൂടെ നല്‍കുന്നത്.

ക്വിന്റണ്‍ ഡി കോക്ക്. Photo: Johns/x.com

കൂടാതെ, ടി – 20 ലോകകപ്പും അടുത്ത് വരികയാണ്. ഫെബ്രുവരിയിലാണ് കുട്ടി ക്രിക്കറ്റിന്റെ കായിക മാമാങ്കത്തിന് അരങ്ങുണരുന്നത്. ആ ഘട്ടത്തിലാണ് ഡി കോക്ക് ബാറ്റ് കൊണ്ട് തിളങ്ങുന്നതെന്നും ഇതിനോട് ചേര്‍ത്ത് വെക്കണം.

അതേസമയം, മത്സരത്തില്‍ ഡി കോക്കിന്റെ കരുത്തില്‍ എസ്.ഇ.സി ആറ് വിക്കറ്റിന് 188 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ മാത്യു ബ്രീറ്റ്‌സ്‌കെ 33 പന്തില്‍ 52 റണ്‍സും ജോര്‍ദാന്‍ ഹെര്‍മാന്‍ 20 പന്തില്‍ 37 റണ്‍സും സംഭാവന ചെയ്തു.

മറുപടി ബാറ്റിങ്ങില്‍ പ്രിട്ടോറിയ ക്യാപിറ്റല്‍സ് 140 റണ്‍സിന് പുറത്തായി. അതോടെ എസ്.ഇ.സി 40 റണ്‍സിന് വിജയിച്ചു.

Content Highlight: Quniton De Cock score fity in SA20 after returned to Mumbai Indians in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി