ഒറ്റ സെഞ്ച്വറിയില്‍ വിരാടിനും ഡി വില്ലിയേഴ്‌സിനുമൊപ്പം; ക്വിന്റണ്‍ 'മാസ്റ്റര്‍ ക്ലാസ്' ഡി കോക്ക്
IPL
ഒറ്റ സെഞ്ച്വറിയില്‍ വിരാടിനും ഡി വില്ലിയേഴ്‌സിനുമൊപ്പം; ക്വിന്റണ്‍ 'മാസ്റ്റര്‍ ക്ലാസ്' ഡി കോക്ക്
ആദര്‍ശ് എം.കെ.
Thursday, 16th April 2026, 10:22 pm

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ കൂറ്റന്‍ ടോട്ടലുമായി മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകമായ വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ നിശ്ചിത ഓവളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് ഹോം ടീം അടിച്ചെടുത്തത്.

വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറി കരുത്തിലായിരുന്നു മുംബൈയുടെ മുന്നേറ്റം. 60 പന്ത് നേരിട്ട് പുറത്താകാതെ 112 റണ്‍സുമായാണ് ഡി കോക്ക് കരുത്തുകാട്ടിയത്. എട്ട് ഫോറും ആകാശം തൊട്ട ഏഴ് സിക്‌സറും അടക്കം 186.67 സ്‌ട്രൈക് റേറ്റിലായിരുന്നു സൗത്ത് ആഫ്രിക്കന്‍ കരുത്തന്റെ വെടിക്കെട്ട്.

ഈ സെഞ്ച്വറിക്ക് പിന്നാലെ പല നേട്ടങ്ങളിലും ഡി കോക്ക് തന്റെ പേരെഴുതിച്ചേര്‍ത്തു. ഏറ്റവുമധികം ടി-20 സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയതാണ് ഇതിലാദ്യം. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കരിയറിലെ ഒമ്പതാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ്.

ഇന്ത്യന്‍ ലെജന്‍ഡ് വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങള്‍ക്കൊപ്പമാണ് ഡി കോക്ക് നാലാം സ്ഥാനം പങ്കിടുന്നത്.

ഏറ്റവുമധികം ടി-20 സെഞ്ച്വറികള്‍

(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 22

ബാബര്‍ അസം – 11

ഡേവിഡ് വാര്‍ണര്‍ – 10

ക്വിന്റണ്‍ ഡി കോക്ക് – 9*

വിരാട് കോഹ്‌ലി – 9

റിലി റൂസോ – 9

സാഹിബ്‌സാദ ഫര്‍ഹാന്‍ – 9

ഐ.പി.എല്ലില്‍ ഇത് മൂന്നാം തവണയാണ് ഡി കോക്കിന്റെ ബാറ്റ് നൂറടിക്കുന്നത്. ഈ നേട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഹോള്‍ ഓഫ് ഫെയ്മര്‍ എ.ബി. ഡി വില്ലിയേഴ്‌സിനൊപ്പം ആറാം സ്ഥാനത്താണ് താരം.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍

(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

വിരാട് കോഹ് ലി – 9

ജോസ് ബട്‌ലര്‍ – 7

ക്രിസ് ഗെയ്ല്‍ – 6

കെ.എല്‍. രാഹുല്‍ – 5

ഡേവിഡ് വാര്‍ണര്‍ – 4

സഞ്ജു സാംസണ്‍ – 4

ഷെയ്ന്‍ വാട്‌സണ്‍ – 4

ശുഭ്മന്‍ ഗില്‍ – 4

ക്വിന്റണ്‍ ഡി കോക്ക് – 3

എ.ബി. ഡി വില്ലിയേഴ്‌സ് – 3

മത്സരത്തില്‍ ഡി കോക്കിന് പുറമെ യുവതാരം നമന്‍ ധിറും തിളങ്ങി. 31 പന്ത് നേരിട്ട താരം 50 റണ്‍സടിച്ച് മടങ്ങി. മറ്റാര്‍ക്കും തന്നെ മുംബൈ നിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല.

പഞ്ചാബ് കിങ്‌സിനായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍കോ യാന്‍സെനും ശശാങ്ക് സിങ്ങും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. റണ്‍ ഔട്ടായാണ് തിലക് വര്‍മയുടെ മടക്കം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 61 എന്ന നിലയിലാണ്. ഒമ്പത് പന്തില്‍ 16 റണ്‍സുമായി ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും ആറ് പന്തില്‍ 12 റണ്‍സുമായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

 

Content highlight: Quinton de Kock smashes 9th T20 century

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.