സംഗക്കാര വാഴുന്ന സിംഹാസനത്തില്‍ സ്വന്തം റെക്കോഡ് വെട്ടി; പടയോട്ടം തുടര്‍ന്ന് ഡി കോക്ക്
Cricket
സംഗക്കാര വാഴുന്ന സിംഹാസനത്തില്‍ സ്വന്തം റെക്കോഡ് വെട്ടി; പടയോട്ടം തുടര്‍ന്ന് ഡി കോക്ക്
ശ്രീരാഗ് പാറക്കല്‍
Wednesday, 11th February 2026, 2:13 pm

2026 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് അടിച്ചെടുത്തത്.

ക്വിന്റണ്‍ ഡി കോക്കിന്റെയും റിയാന്‍ റിക്കിള്‍ട്ടന്റെയും ബാറ്റിങ് കരുത്തിലാണ് പ്രോട്ടിയാസ് സ്‌കോര്‍ ഉയര്‍ത്തിയത്. റിയാന്‍ 28 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 61 റണ്‍സാണ് അടിച്ചെടുത്തത്.

ഡി കോക്കും റിയാന്‍ റിക്കിള്‍ട്ടണും- Photo: proteas/x.com

ഡി കോക്ക് 41 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 59 റണ്‍സും സ്വന്തമാക്കി. ഇതോടെ ഒരു കിടിലന്‍ റെക്കോഡില്‍ തന്റെ പടയോട്ടം തുടരാനും ഡി കോക്കിന് സാധിച്ചിരിക്കുകയാണ്.

ഐ.സി.സി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തില്‍ കുതിക്കാനാണ് ഡി കോക്കിന് സാധിച്ചത്. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയാണ് ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ഐ.സി.സി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍

കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 21

ക്വിന്റണ്‍ ഡികോക്ക് (സൗത്ത് ആഫ്രിക്ക) – 14

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 11

ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ) – 11

മുഷ്ഫിഖര്‍ റഹീം (ബംഗ്ലാദേശ്) – 11

അതേസമയം മത്സരത്തില്‍ പ്രോട്ടിയാസിനായി ഡെവാള്‍ഡ് ബ്രെവിസ് 23 റണ്‍സും ഡേവിഡ് മില്ലര്‍ 20 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അഫ്ഗാനിസ്ഥാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മൂന്ന് വിക്കറ്റുകള്‍ നേടിയ അസ്മത്തുള്ള ഒനര്‍സായിയാണ്.

ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഫസല്‍ഹഖ് ഫറൂഖി ഒരു വിക്കറ്റും നേടി. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്.

ക്രീസിലുള്ളത് അസ്മത്തുള്ള ഒമര്‍സായിയും (2), മുഹമ്മദ് നബിയുമാണ് (4). അഫ്ഗാനിസ്ഥാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസാണ്. 42 പന്ത് നേരിട്ട താരം 84 റണ്‍സ് നേടി മടങ്ങി. ഏഴ് സിക്സറും നാല് ഫോറും അടക്കം 200.00 സ്ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

Content Highlight: Quinton De Kock In Record Achievement In T20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ