സഞ്ജുവും ഇഷാനും ഒപ്പത്തിനൊപ്പം, ലിസ്റ്റില്‍ പടയോട്ടം തുടര്‍ന്ന് ഡി കോക്ക്; ആദ്യ മാച്ചിലെ സെഞ്ച്വറിയെത്തിച്ചത്...
Cricket
സഞ്ജുവും ഇഷാനും ഒപ്പത്തിനൊപ്പം, ലിസ്റ്റില്‍ പടയോട്ടം തുടര്‍ന്ന് ഡി കോക്ക്; ആദ്യ മാച്ചിലെ സെഞ്ച്വറിയെത്തിച്ചത്...
ശ്രീരാഗ് പാറക്കല്‍
Friday, 17th April 2026, 12:40 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് വിജയക്കൊടി പാറിച്ചത്. ഇതോടെ അപരാജിത കുതിപ്പുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ചേക്കേറാനും പഞ്ചാബിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മുംബൈക്ക് വേണ്ടി കിടിലന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ക്വിന്റണ്‍ ഡി കോക്ക് ആയിരുന്നു. സീസണില്‍ മുംബൈക്ക് വേണ്ടി ആദ്യമായാണ് താരം കളത്തിലിറങ്ങിയത്. മാത്രമല്ല തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് ഡി കോക്ക് സീസണ്‍ തുടങ്ങിയതും.

ഏഴ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 112 റണ്‍സ് നേടി പുറത്താകാതെയാണ് ഡി കോക്ക് മിന്നും പ്രകടനം നടത്തിയത്. 186.67 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ഇതോടെ സ്വന്തം പേരിലുള്ള റെക്കോഡ് തിരുത്താനും ക്വിന്റണ്‍ ഡി കോക്കിന് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലാണ് താരത്തിന്റെ പടയോട്ടം. ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത് സഞ്ജു സാംസണും ഇഷാന്‍ കിഷനും കമ്രാന്‍ അക്മലുമാണ്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍

ക്വിന്റണ്‍ ഡി കോക്ക് – 9

സഞ്ജു സാംസണ്‍ – 5

ഇഷാന്‍ കിഷന്‍ – 5

കമ്രാന്‍ അക്മല്‍ – 5

ബാര്‍ബഡോസ് റോയല്‍സ്, കേപ് ടൗണ്‍ ബ്ലിറ്റ്‌സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, ലയണ്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ഡി കോക്ക് ടി-20യില്‍ കളിച്ചിട്ടുള്ളത്.

മത്സരത്തില്‍ ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്ങും ബാറ്റിങ്ങില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും തിളങ്ങിയതോടെയാണ് പഞ്ചാബ് സീസണിലെ നാലാം വിജയം സ്വന്തമാക്കിയത്. പ്രഭ്‌സിമ്രാന്‍ 39 പന്തില്‍ 80* റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 35 പന്തില്‍ 66 റണ്‍സ് നേടി മിന്നും പ്രകടനവും നടത്തി. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.

Content highlight: Quinton De Kock In Great Record Achievement As Wicket Keeper

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ