ജീവന്മരണ പോരാട്ടത്തില്‍ 150 അടിക്കാന്‍ ഡി കോക്ക്; പുത്തന്‍ നേട്ടം കയ്യകലെ!
Cricket
ജീവന്മരണ പോരാട്ടത്തില്‍ 150 അടിക്കാന്‍ ഡി കോക്ക്; പുത്തന്‍ നേട്ടം കയ്യകലെ!
Sudev A
Tuesday, 28th April 2026, 3:50 pm

ഐ.പി.എല്ലില്‍ നാളെ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് വിജയം അനിവാര്യമാണ്. നിലവില്‍ ഏഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് മുംബൈക്ക് വിജയിക്കാന്‍ സാധിച്ചത്. അഞ്ച്
മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. നിലവില്‍ നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ.

മറുഭാഗത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്. എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി 10 പോയിന്റാണ് ഓറഞ്ച് ആര്‍മിക്കുള്ളത്. ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചുകൊണ്ട് ടോപ് ഫോര്‍ സ്ഥാനം നിലനിര്‍ത്താനാവും ഹൈദരാബാദ് ഇറങ്ങുക.

ഈ നിര്‍ണായക മത്സരത്തില്‍ മുംബൈയുടെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിനെ കാത്തിരിക്കുന്ന ഒരു പുത്തന്‍ നേട്ടമാണ്. ഐ.പി.എല്ലില്‍ 150 സിക്‌സുകളെന്ന നേട്ടമാണ് ഡി കോക്കിന് മുന്നിലുള്ളത്. ഇതിനായി ഏഴ് സിക്‌സുകളാണ് ഡി കോക്കിന് വേണ്ടത്. ഈ സീസണില്‍ ഒരു സെഞ്ച്വറിയടക്കം മൂന്ന് മത്സരങ്ങളില്‍ നിന്നും 132 റണ്‍സാണ് ഡി കോക്ക് നേടിയിട്ടുള്ളത്.

പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തിലാണ് ഡി കോക്കിന്റെ സെഞ്ച്വറി പിറന്നത്. 60 പന്ത് നേരിട്ട് പുറത്താകാതെ 112 റണ്‍സുമായാണ് ഡി കോക്ക് കരുത്തുകാട്ടിയത്. എട്ട് ഫോറും ആകാശം തൊട്ട ഏഴ് സിക്സറും അടക്കം 186.67 സ്ട്രൈക് റേറ്റിലായിരുന്നു സൗത്ത് ആഫ്രിക്കന്‍ കരുത്തന്റെ വെടിക്കെട്ട്.

ഈ സെഞ്ച്വറിക്ക് പിന്നാലെ പല നേട്ടങ്ങളിലും ഡി കോക്ക് തന്റെ പേരെഴുതിച്ചേര്‍ത്തു. ഏറ്റവുമധികം ടി-20 സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയതാണ് ഇതിലാദ്യം. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കരിയറിലെ ഒമ്പതാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ്.

ഐ.പി.എല്ലില്‍ ഇത് മൂന്നാം തവണയാണ് ഡി കോക്കിന്റെ ബാറ്റ് നൂറടിക്കുന്നത്. ഈ നേട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ഹോള്‍ ഓഫ് ഫെയ്മര്‍ എ.ബി. ഡി വില്ലിയേഴ്സിനൊപ്പം ആറാം സ്ഥാനത്താണ് താരം. മറ്റൊരു നിര്‍ണായക മത്സരം മുന്നിലെത്തി നില്‍ക്കുമ്പോള്‍ ഡി കോക്ക് വീണ്ടും ബാറ്റ് കൊണ്ട് തിളങ്ങുമോയെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Quinton De Cock need seven six to create a new milestone in ipl

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.