കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയുടെ സുതാര്യതയെ ചൊല്ലി തര്‍ക്കം
national news
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയുടെ സുതാര്യതയെ ചൊല്ലി തര്‍ക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st September 2022, 9:21 am

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയുടെ സുതാര്യത സംബന്ധിച്ച് തര്‍ക്കം.

കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് മുന്നോടിയായാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത തര്‍ക്കവിഷയമായിരിക്കുന്നത്. ആനന്ദ് ശര്‍മ, ശശി തരൂര്‍, മനീഷ് തിവാരി, പൃഥിരാജ് ചവാന്‍, കാര്‍ത്തി ചിദംബരം അടക്കമുള്ള നേതാക്കള്‍ വോട്ടര്‍ പട്ടിക പരസ്യമാക്കണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കണമെന്നുമുള്ള ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

ദേശീയ തലത്തില്‍ 9000ത്തോളം പ്രതിനിധികളുടെ വോട്ടര്‍പട്ടിക തയാറാക്കികഴിഞ്ഞെന്നാണ് എ.ഐ.സി.സിയുടെ വാദം. എന്നാല്‍ ഇതിരെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് വരികയായിരുന്നു. പട്ടിക തയാറാക്കിയ രീതിയെയും അത് പരസ്യമാക്കുന്നതില്‍ നേതൃത്വം കാണിക്കുന്ന വിമുഖതയെയുമാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് നടത്തിപ്പിനെ ആരും സംശയിക്കില്ലെന്നും പി.സി.സികളില്‍ ചെന്ന് വോട്ടര്‍പട്ടിക പരിശോധിക്കാമെന്നുമുള്ള എ.ഐ.സി.സിയുടെ നിലപാടിനോടും ഇക്കൂട്ടര്‍ വിയോജിപ്പ് രേഖപ്പെടുത്തി.

പുതിയ തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി സമ്മേളനത്തില്‍ വെച്ച് വോട്ടര്‍ പട്ടികയെ കുറിച്ച് ആനന്ദ് ശര്‍മ പരാതി ഉന്നയിച്ചിരുന്നു. ദേശീയ തലത്തില്‍ 9000ത്തോളം പ്രതിനിധികളുടെ വോട്ടര്‍പട്ടിക തയാറാക്കിയതില്‍ വ്യക്തത ഇല്ലെന്നായിരുന്നു ഇദ്ദേഹം ആരോപിച്ചത്.

ഇതിന് പിന്നാലെ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് ശശി തരൂര്‍, മനീഷ് തിവാരി, പൃഥിരാജ് ചവാന്‍, കാര്‍ത്തി ചിദംബരം എന്നിവരും പരസ്യമായി ആവശ്യപ്പെട്ടു.

വോട്ടര്‍പട്ടിക പബ്ലിക്കായി ലഭ്യമാകാത്ത പക്ഷം സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പ് എങ്ങനെ സാധ്യമാകും, എന്നായിരുന്നു ലോക്‌സഭാ എം.പിയും ജി23 നേതാവുമായ മനീഷ് തിവാരി ചോദിച്ചത്. ”വോട്ടര്‍പട്ടികക്ക് വേണ്ടി പി.സി.സി ഓഫീസില്‍ പോകേണ്ട കാര്യമെന്ത്.

ഒരു ക്ലബ് ഇലക്ഷനില്‍ പോലും ഇങ്ങനെ ചെയ്യില്ല. വോട്ടര്‍മാര്‍ ആരൊക്കെയാണെന്നറിയാതെ ഒരാള്‍ക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ല. ഒരാള്‍ക്ക് മത്സരിക്കണമെങ്കില്‍ പത്ത് വോട്ടര്‍മാര്‍ നാമനിര്‍ദേശം ചെയ്യണം. അവര്‍ സാധുവായ വോട്ടര്‍മാരല്ലെന്ന കാരണം പറഞ്ഞ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പത്രിക തള്ളാം.

അതുകൊണ്ട് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നവരുടെ വോട്ടര്‍പട്ടിക സുതാര്യമായിരിക്കണം, അവരുടെ പേരും അഡ്രസും പാര്‍ട്ടി വെബ്‌സൈറ്റില്‍ ലഭ്യമാക്കണം,” മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യക്തമായ വോട്ടര്‍പട്ടിക എന്നത് അടിസ്ഥാനപരമായ കാര്യമാണെന്നായിരുന്നു കാര്‍ത്തി ചിദംബരം എം.പിയുടെ പ്രതികരണം.

2000ലായിരുന്നു അവസാനമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. സോണിയാ ഗാന്ധിയും ജിതേന്ദ്ര പ്രസാദയുമായിരുന്നു അന്ന് പരസ്പരം മത്സരിച്ചിരുന്നത്.

Content Highlight: questions emerge on transparency in Congress chief polls, demand electoral rolls be made public